യുക്രൈൻ യുദ്ധം അവസാനിക്കുമ്പോൾ നിലവിലുള്ള യുദ്ധ മുന്നണികൾ നിലനിർത്തണമെന്ന അടിസ്ഥാനത്തിലുള്ള പരിഹാരമാണ് യുഎസ് പ്രതീക്ഷിക്കുന്നതെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ വെള്ളിയാഴ്ച്ച അലാസ്‌കയിൽ ചർച്ച നടത്താനിരിക്കെയാണ് ഞായറാഴ്ച്ച ഈ വെളിപ്പെടുത്തൽ ഉണ്ടായത്.
ഫോക്‌സ് ന്യൂസിൽ സംസാരിക്കവേ, ആ പരിഹാരം ഏറെയും വലിയ സന്തുഷ്ടരാക്കില്ലെന്നു വാൻസ് കൂട്ടിച്ചേർത്തു. എന്നാൽ അത് 'യാഥാർഥ്യ ബോധത്തോടെയുള്ള, അപൂർണമായ അടിത്തറയാണ്.
യുക്രൈനു യുഎസ് ഭാവിയിൽ ധനസഹായം നൽകില്ലെന്നും വാൻസ് വ്യക്തമാക്കി.
പുട്ടിനേയും യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കിയെയും ഒരു മേശയ്ക്കിരുപുറം ഇരുത്താൻ കഴിയുന്ന ചർച്ച സാധ്യമാക്കിയതിനു വാൻസ് ട്രംപിനെ പ്രശംസിച്ചു. സിലിൻസ്കിയെ കാണാൻ തയാറില്ലെന്ന നിലപാട് തിരുത്താൻ പുട്ടിനെ ട്രംപ് പ്രേരിപ്പിച്ചെന്നു വാൻസ് അവകാശപ്പെട്ടു. മൂന്നു പേരും ഒന്നിച്ചിരുന്നു ചർച്ച നടത്തുക എന്ന ആശയം പരിഗണിക്കയാണ്.
"മരണങ്ങൾ അവസാനിക്കണം എന്നതാണ് പ്രധാനം," അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും കുറെ ഭൂമി വച്ച് മാറുന്നതാണ് നല്ലതെന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇരു കൂട്ടർക്കും നല്ലതാണത്. എന്നാൽ യുക്രൈൻ ഭൂമിയൊന്നും വിട്ടു കൊടുക്കില്ല എന്നാണ് സിലിൻസ്കി പ്രതികരിച്ചത്. സിലിൻസ്കി അതിനു നിയമപരമായ വഴി കണ്ടെത്തണം എന്നു ട്രംപ് നിഷ്കർഷിക്കുന്നു.
ലണ്ടനിൽ യൂറോപ്യൻ, യുക്രൈനിയൻ നേതാക്കളെ കണ്ട ശേഷമാണു വാൻസ് സംസാരിച്ചത്. യുക്രൈനു യുഎസ് സഹായം നിർത്തുമ്പോൾ അവരെ പിന്തുണയ്ക്കുന്ന ഇ യു രാജ്യങ്ങൾക്കു യുഎസിൽ നിന്ന് ആയുധം വാങ്ങി അവർക്കു നൽകാം.
അതിനു അമേരിക്കയ്ക്ക് വിരോധമില്ല. "എന്നാൽ അമേരിക്കൻ നികുതിദായകന്റെ പണം ഈ ആവശ്യത്തിന് ഉപയോഗിക്കില്ല. ജനങ്ങൾ അത് മടുത്തു."