ടാമ്പാ: കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി ടാമ്പാ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് വികാരിയായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചുപോരുന്ന വെരി റവ. ജോര്‍ജ് പൗലോസ് കോര്‍എപ്പിസ്‌കോപ്പയുടെ എഴുപതാം ജന്മദിനം ഇടവകയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആഘോഷിച്ചു.
വിശുദ്ധ കുര്‍ബാനാനന്തരം ചേര്‍ന്ന അനുമോദന യോഗത്തില്‍, പൗലോസ് എപ്പിസ്‌കോപ്പയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടുള്ള ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ ഈവാനിയോസിന്റെ അനുഗ്രഹ സന്ദേശം റവ.ഫാ. തോമസ് ജോര്‍ജ് വായിച്ചു.
തുടര്‍ന്ന് വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് വൈദീകരും, സാമുദായിക - സംഘടനാ നേതാക്കന്മാരും, ആത്മീയ സംഘടനാ ഭാരവാഹികളും ആശംസകള്‍ അറിയിച്ചു.
ഇടവകയുടെ സ്‌നേഹോപഹാരം ട്രഷറര്‍ മനോജ് പാലക്കാട്, സെക്രട്ടറി ജോണ്‍ ടിറ്റോ, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് അച്ചന് കൈമാറി.
മറുപടി പ്രസംഗത്തില്‍, തന്റെ ബാല്യം മുതല്‍ ഇന്നുവരെ കടന്നുവന്ന ദൈവീക മുഹൂര്‍ത്തങ്ങളെ അച്ചന്‍ അനുസ്മരിച്ചു. മുപ്പത്തിയഞ്ച് വര്‍ഷം തുടര്‍ച്ചയായി ഒരേ ഇടവകയില്‍ വികാരിയായി സേവനം അനുഷ്ഠിക്കാന്‍ സഹായ സഹകരണങ്ങള്‍ നല്‍കിയ ഇടവകാംഗങ്ങളോടുള്ള പ്രത്യേക നന്ദി അദ്ദേഹം അറിയിച്ചു.
വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടുകൂടി ജന്മദിന പരിപാടികള്‍ സമാപിച്ചു.