ന്യൂയോർക്ക് സിറ്റിയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മേയറാകാൻ സൊഹ്‌റാൻ മംദാനി പകർത്തിയത് പ്രസിഡന്റ് ട്രംപിന്റെ പ്രചാരണ തന്ത്രമാണ്. നവംബറിൽ,സിറ്റിയിൽ ട്രംപിനെ പിന്തുണച്ച ചില ഭാഗങ്ങളിൽ നിന്നാണ് മംദാനി യാത്ര ആരംഭിച്ചത്. ട്രംപ് വിജയിക്കാനുള്ള കാരണം എന്താണെന്ന് കണ്ടെത്തുക ആയിരുന്നു ലക്‌ഷ്യം. താങ്ങാവുന്ന ജീവിത സാഹചര്യം വാഗ്ദാനം ചെയ്തതാണ് ട്രംപിനെ തുണച്ചതെന്ന് മംദാനി മനസ്സിലാക്കി.
ന്യൂയോർക്കിലെ പലർക്കും വേണ്ടത് അത് മാത്രമായിരുന്നു. സിറ്റിയിലെ ചിലവുകൾ ജനങ്ങൾക്ക് കൂടുതൽ താങ്ങാനാവുന്ന നിലയിലാക്കുമെന്ന വാഗ്ദാനത്തിൽ മംദാനി പ്രതിജ്ഞാബദ്ധനായി. ട്രംപ് പാലിക്കാൻ താൽപ്പര്യം കാണിക്കാത്ത വാഗ്ദാനം നിറവേറ്റുമെന്ന പ്രചാരണ പ്രതിജ്ഞ അദ്ദേഹം സ്വീകരിച്ചു. ഡൊണാൾഡ് ട്രംപിൻറെ ഭരണത്തിൽ നിരാശരായവരെയും കുടുംബത്തിന് ഭക്ഷണം നൽകാൻ കഴിയാത്ത സാധാരണക്കാരെയും മംദാനി കണ്ടറിഞ്ഞു പ്രവർത്തിച്ചു.
ന്യൂയോർക്കുകാരുടെ വികാരങ്ങളെ ചൂഷണം ചെയ്യാനാണ് ട്രംപ് ശ്രമിച്ചതെങ്കിൽ അതിൽനിന്ന് വ്യത്യസത്യമായി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങളാണ് മംദാനി ചിന്തിച്ചത്.
സംസ്ഥാനത്തെ അത്ര അറിയപ്പെടാത്ത അസംബ്ലിമാനിൽ നിന്ന് സിറ്റി മേയറിലേക്കുള്ള മംദാനിയുടെ ഉജ്ജ്വലമായ ഉയർച്ചയിൽ, താങ്ങാനാവുന്ന ജീവിതസാഹചര്യം എന്നുള്ള വാഗ്ദാനത്തിന്റെ പങ്ക് ചെറുതല്ല. ബസുകൾ സൗജന്യമാക്കുക, വാടക മരവിപ്പിക്കുക, ശിശുസംരക്ഷണം സൗജന്യമാക്കുക എന്നിങ്ങനെ സാധാരണക്കാരുടെ ദൈനംദിന പ്രശ്നങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. ആ ജനകീയ ദർശനമായിരുന്നു മേയർ സ്ഥാനത്തേക്കുള്ള പ്രചാരണത്തിന്റെ നട്ടെല്ല്. സർഗ്ഗാത്മകതയും സോഷ്യൽ മീഡിയ മാന്ത്രികതയും കൂടി ഒത്തിണങ്ങിയതോടെ യുവ വോട്ടർമാർ ആവേശഭരിതരായി ഒപ്പംകൂടി.
വംശീയവും സാമ്പത്തികവും മതപരവുമായ അതിർവരമ്പുകൾ മറികടക്കുന്ന ഒരു സഖ്യം അദ്ദേഹം കെട്ടിപ്പടുക്കുകയും മുൻ ഗവർണർ ആൻഡ്രൂ എം. കോമോയെ അട്ടിമറിക്കുകയും ചെയ്തു.ന്യൂയോർക്ക് സിറ്റിയിലുടനീളം പുരോഗമനപരമെന്ന് വിശേഷിപ്പിക്കപ്പെടുന്നതും വ്യത്യസ്തവുമായ ഒരു രാഷ്ട്രീയത്തിനും, പുതിയതലമുറ നേതൃത്വത്തിനും മംദാനി തിരികൊളുത്തി. ന്യൂയോർക്കുകാർക്ക് നേരിൽ കാണാനും അവരുടെ ആശങ്കകൾ പങ്കുവയ്ക്കാനും അവരുടെ പോരാട്ടങ്ങൾ പ്രതിഫലിപ്പിക്കാനും കഴിയുന്ന ജനാധിപത്യത്തിനുവേണ്ടിയുള്ള അടങ്ങാത്ത ദാഹമാണ് മംദാനിയെ വിജയിപ്പിച്ചത്.
നഗരത്തിലെ ആദ്യത്തെ മുസ്ലീം മേയറാകാൻ പോകുന്ന 33 കാരനായ മംദാനിക്ക് അതിസമ്പന്നരിൽ നിന്ന് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നിരുന്നു.എറിക് ആഡംസിന്റെ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ധനസഹായം നൽകിയേക്കാവുന്ന അതേ ബില്യണെയർമാരെ മറികടക്കാനുള്ള സാധാരണക്കാരുടെ കഴിവാണ് പ്രൈമറിയിൽ കണ്ടത്.ന്യൂയോർക്കുകാർ മറക്കാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള അഴിമതിയും ട്രംപിനോടുള്ള വിധേയത്വവുമാണ് ആഡംസ് കാഴ്ചവച്ചത്.
മംദാനിയുടെ ഉയർച്ചയെ ട്രംപ് അംഗീകരിച്ചില്ല , അദ്ദേഹത്തെ ഒരു 'കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ഏഷ്യൻ, ലാറ്റിനോ, ബ്ലാക്സ്, വൈറ്റ്‌സ് എന്നീ വിഭാഗങ്ങളിലെ തൊഴിലാളിവർഗ സമൂഹങ്ങളുടെ വിജയമാണ് ചൊവ്വാഴ്ച രാത്രി പ്രകടമാക്കിയത് എന്ന് മംദാനി പറഞ്ഞു.ഇസ്രയേലിനെക്കുറിച്ചുള്ള തന്റെ നിലപാടുകളെക്കുറിച്ചുള്ള ജൂത വോട്ടർമാരിൽ ആശങ്കകൾ ലഘൂകരിക്കാനും അദ്ദേഹം ശ്രമിച്ചു.
ഗാസയിലെ ഇസ്രായേലിന്റെ നടപടികളെ "വംശഹത്യ" എന്ന് വിശേഷിപ്പിക്കുകയും ഒരു ജൂത രാഷ്ട്രമായി നിലനിൽക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ ചോദ്യം ചെയ്യുകയും ചെയ്ത് ജൂതരുടെ വെറുപ്പ് അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. മേയർ എന്ന നിലയിൽ ജൂത ന്യൂയോർക്കുകാരെ സംരക്ഷിക്കുമെന്നും വിദ്വേഷ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിനുള്ള ധനസഹായം വർദ്ധിപ്പിക്കുമെന്നും മംദാനി പറഞ്ഞു.തന്റെ രാഷ്ട്രീയം സാർവത്രിക മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയിൽ വേരൂന്നിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി.