നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2020 തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട രണ്ടു കേസുകൾ പിൻവലിക്കാൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജാക്ക് സ്മിത്തിനു വാഷിംഗ്‌ടൺ ജഡ്‌ജ് ടാന്യ ചുട്ക്കൻ അനുമതി നൽകി.
ട്രംപ് പ്രസിഡന്റായിരിക്കുമ്പോൾ കേസ് നടത്തുന്നത് അനുചിതമാണെന്ന സ്മിത്തിന്റെ വാദം ജഡ്‌ജ് സ്വീകരിച്ചു.2021 ജനുവരി 6നു യുഎസ് കോൺഗ്രസ് ആസ്ഥാനമായ ക്യാപിറ്റോളിൽ അനുയായികൾ നടത്തിയ ആക്രമണത്തിൽ ട്രംപിന്റെ പങ്കായിരുന്നു ഒരു കേസിനാധാരം. വൈറ്റ് ഹൗസ് വിടുമ്പോൾ അതീവ രഹസ്യമായ രേഖകൾ കടത്തിക്കൊണ്ടു പോയി എന്നതാണ് രണ്ടാമത്തെ കേസിലെ ആരോപണം.
പ്രോസിക്യൂഷൻ നടപടികൾ സാധുവായിരുന്നുവെന്നു സ്മിത്ത് ചൂണ്ടിക്കാട്ടി. എന്നാൽ പ്രസിഡന്റുമാർക്കെതിരെ കേസ് നടത്തുന്ന പതിവില്ല എന്ന ജസ്റ്റിസ് ഡിപ്പാർട്മെന്റിന്റെ നയം സ്വീകരിക്കുന്നു.
ട്രംപിനെതിരെ ആരോപിച്ച കുറ്റങ്ങൾ ന്യായമാണെന്നു അദ്ദേഹം ആവർത്തിച്ചു. എന്നാൽ പ്രതി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോൾ സാഹചര്യം വ്യത്യസ്‍തമാവുന്നു.
ജോ ബൈഡൻ ജയിച്ച 2020 തിരഞ്ഞെടുപ്പിലെ ഫലം കോൺഗ്രസ് അംഗീകരിക്കുന്നത് തടയാനാണ് ക്യാപിറ്റോളിൽ ട്രംപിന്റെ അനുയായികൾ ആക്രമണം നടത്തിയത്. ആ സമയത്തു അധ്യക്ഷത വഹിച്ച വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഫലം തള്ളണമെന്ന ട്രംപിന്റെ ആവശ്യം സ്വീകരിച്ചില്ല.
അകത്തു കയറിയ ജനക്കൂട്ടം "പെൻസിനെ തൂക്കിക്കൊല്ലുക" എന്ന് ആക്രോശിച്ചിരുന്നു. കലാപത്തിൽ പങ്കെടുത്ത നിരവധി പേര് ശിക്ഷിക്കപ്പെട്ടു. അവർക്കു മാപ്പു നൽകുമെന്നു ട്രംപ് പ്രചാരണവേളയിൽ പറഞ്ഞിരുന്നു. രഹസ്യ രേഖ കേസിൽ രണ്ടു ജീവനക്കാർക്കെതിരെ നടപടികൾ തുടരാൻ സ്മിത്ത് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.