യുഎസ് തിരഞ്ഞെടുപ്പിൽ ഒരു പ്രസിഡന്റ് സ്ഥാനാർഥിയെയും പിൻതുണയ്ക്കില്ല എന്ന നിലപാട് എടുത്ത 'വാഷിംഗ്‌ടൺ പോസ്റ്റ്' പത്രത്തിനു 250,000ത്തിലേറെ വരിക്കാരെ നഷ്ടപ്പെട്ടുവെന്നു റിപ്പോർട്ട്. പത്രത്തിന്റെ മൊത്തം വരിക്കാരിൽ 10% ആണിത്.
വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പിൻതുണയ്ക്കുന്ന ലേഖനം പത്രം തയാറാക്കിയിരുന്നു എന്ന വിവരം പുറത്തു വന്നിട്ടുണ്ട്. ഉടമ ജെഫ് ബെസോസ് ആണ് അതു തടഞ്ഞത്. അത് തത്വധിഷ്‌ഠിത തീരുമാനം ആണെന്നും ഭാവിയിലും അങ്ങിനെ തുടരുമെന്നും അദ്ദേഹം കുറിച്ചിരുന്നു.
എന്നാൽ 250,000 വരിക്കാർ പത്രത്തെ തള്ളിയെങ്കിൽ അത് ഹാരിസിനു വേണ്ടി ഉണ്ടായിട്ടുള്ള ആവേശത്തിന്റെ പ്രതിഫലനമാണെന്നു ഡെമോക്രാറ്റിക് തന്ത്രജ്ഞൻ ജെയിംസ് കാർവിൽ പറഞ്ഞു. "ഹാരിസിനു ശുഭസൂചനയാണത്," അദ്ദേഹം ചൂണ്ടിക്കാട്ടി. "ഡെമോക്രാറ്റിക് പാർട്ടിയിൽ വർധിച്ച ആവേശം ഉണ്ടെന്നാണ് എന്റെ വിലയിരുത്തൽ."
നാഷനൽ പബ്ലിക് റേഡിയോ ആണ് 250,000 പേർ പിരിഞ്ഞ കാര്യം പറഞ്ഞത്. 'പോസ്റ്റ്' അത് നിഷേധിച്ചിട്ടില്ല, സ്ഥിരീകരിച്ചിട്ടുമില്ല.സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പത്രത്തിന് ഇത്രയേറെ വരിക്കാരെ നഷ്ടമാവുന്നത് തിരിച്ചടിയാവും. പോസ്റ്റിനു കഴിഞ്ഞ വർഷം 25 ലക്ഷത്തിലേറെ വരിക്കാർ ഉണ്ടായിരുന്നു. അതിലധികവും ഡിജിറ്റൽ. പ്രചാരത്തിൽ ന്യൂ യോർക്ക് ടൈംസിനും വോൾ സ്ട്രീറ്റ് ജേര്ണലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് പത്രം നിന്നിരുന്നത്.
പത്രത്തിന്റെ പത്രാധിപ സമിതി അംഗങ്ങളിൽ പലരും രാജി വയ്ക്കുകയുണ്ടായി. ലോകത്തെ രണ്ടാം കോടീശ്വരനായ പത്രത്തെ ഉടമ ജെഫ് ബെസോസ് വെള്ളിയാഴ്ച്ച യൂറോപ്പിൽ ഗായിക കേറ്റി പെറിക്കു വിരുന്നൊരുക്കുകയായിരുന്നു.
ഹാരിസിനെ പിന്തുണയ്‌ക്കേണ്ട എന്നു തീരുമാനിച്ച ലോസ് ആഞ്ചലസ് ടൈംസിന്റെയും നിരവധി വായനക്കാർ പത്രം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.