ടൊറൻ്റോ: നഗരത്തിൽ ആദ്യമായി മനുഷ്യരിൽ വെസ്റ്റ് നൈൽ വൈറസ് സ്ഥിരീകരിച്ചതായി ടൊറൻ്റോ പബ്ലിക് ഹെൽത്ത് റിപ്പോർട്ട് ചെയ്തു. ഒരു മുതിർന്ന വ്യക്തിയിലാണ് അണുബാധ സ്ഥിരീകരിച്ചതെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. ജൂലൈ 18-ന് നഗരത്തിലെ കൊതുകുകളിൽ വെസ്റ്റ് നൈൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് ഈ കണ്ടെത്തൽ. ഈ വർഷം ഇതാദ്യമായാണ് കാനഡയിൽ മനുഷ്യരിൽ വെസ്റ്റ് നൈൽ വൈറസ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുമ്പോൾ ഈ വർഷം രണ്ട് പേർക്ക് രോഗം ബാധിച്ചിരുന്നതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ പറയുന്നു.
വെസ്റ്റ് നൈൽ പനിക്ക് കാരണമാകുന്ന ഒരു ആർഎൻഎ വൈറസ് ആണ് വെസ്റ്റ് നൈൽ വൈറസ്. ഇത്, ഫ്ലാവിവിറിഡേ കുടുംബത്തിലെ ഫ്ലാവിവൈറസ് ജീനസിൽപ്പെടുന്നു. ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ ആണ് പ്രധാനമായും ഈ രോഗം പകർത്തുന്നത്.
രോഗബാധിതനായ ഒരു കൊതുകിന്‍റെ കടിയാൽ മനുഷ്യരിലേക്ക് പകരാം. കൊതുകുകടിയേറ്റതിന് ശേഷം രണ്ട് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. രോഗബാധയുണ്ടായാലും എൺപത് ശതമാനം പേരിലും കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. പനി, തലവേദന, ഓക്കാനം, ഛർദ്ദി, ശരീരവേദന, ചർമ്മത്തിലെ ചുണങ്ങു, വീർത്ത ലിംഫ് നോഡുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രായമായവരിലോ രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും വൈറസ് ഗുരുതരമായ രോഗത്തിന് കാരണമാകും.