/sathyam/media/media_files/2025/08/23/bbbv-2025-08-23-04-04-44.jpg)
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കു എതിരായ ആക്രമണം ട്രംപ് ഭരണകൂടം കൂടുതൽ കടുപ്പിച്ചു. യുക്രൈൻ യുദ്ധം നീട്ടിക്കൊണ്ടു പോകാൻ ഇന്ത്യ സഹായം നൽകുകയാണെന്നു വൈറ്റ് ഹൗസ് ട്രേഡ് അഡ്വൈസർ പീറ്റർ നവറോ വ്യാഴാഴ്ച്ച ആരോപിച്ചു.
ഡിസ്‌കൗണ്ടിലാണ് ഇന്ത്യ എണ്ണ വാങ്ങുന്നതെന്നു പ്രസിഡന്റ് ട്രംപിന്റെ ഉറച്ച വിശ്വസ്തൻ പറഞ്ഞു. അതിൽ ഇന്ത്യക്കു ലാഭം കിട്ടുന്നു. മാത്രമല്ല, റഷ്യയുടെ വിഴുപ്പലക്കാനുള്ള സൗകര്യവും ഇന്ത്യ ചെയ്തു കൊടുക്കുന്നു.
യുക്രൈൻ യുദ്ധം മുൻപോട്ടു കൊണ്ടുപോകാനുള്ള പണം ഇന്ത്യയാണ് റഷ്യയ്ക്കു നല്കുന്നതെന്നു നവറോ ആരോപിച്ചു. "ഈ രക്തച്ചൊരിച്ചിലിൽ പങ്കുണ്ടെന്നു സമ്മതിക്കാൻ ഇന്ത്യ തയാറുണ്ടെന്നു തോന്നുന്നില്ല.
"ഇന്ത്യക്കു റഷ്യൻ എണ്ണ അത്യാവശ്യമല്ല. പക്ഷെ ലാഭം കിട്ടുന്നതു കൊണ്ട് അവർ ആ കച്ചവടം തുടരുന്നു. യുദ്ധം ആരംഭിക്കുന്നതിനു മുൻപ് ഇന്ത്യ റഷ്യയിൽ നിന്ന് 1% എണ്ണയാണ് വാങ്ങിയിരുന്നത്. ഇപ്പോൾ 35-40% വാങ്ങുന്നു.
"ഇന്ത്യയെ എനിക്കിഷ്ടമാണ്, മോദി മഹാനായ നേതാവാണ്. പക്ഷെ ആഗോള വ്യവസ്ഥയിൽ അവരുടെ പങ്കെന്താണെന്നു അവർ നോക്കട്ടെ. അവർ സമാധാനം ഉണ്ടാക്കുകയല്ല. യുദ്ധം തുടരാൻ സഹായിക്കയാണ്."
ഇന്ത്യയെ അമൂല്യ ജനാധിപത്യ പങ്കാളിയായി കൂടെ നിർത്തണമെന്നു യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി പ്രസിഡന്റ് ട്രംപിനോടു പറഞ്ഞതിന്റെ പിന്നാലെയാണ് നവറോയുടെ കടന്നാക്രമണം.
റഷ്യയിൽ നിന്ന് ഏറ്റവുമധികം ക്രൂഡ് ഓയിൽ വാങ്ങുന്നത് ചൈനയാണെന്നും എൽ എൻ ജി ഏറ്റവും വാങ്ങുന്നത് യൂറോപ്യൻ യുണിയൻ ആണെന്നും മോസ്കോയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ വ്യാഴാഴ്ച്ച ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നു എന്നതിന്റെ പേരിൽ പ്രസിഡന്റ് ട്രംപ് അധിക തീരുവ ചുമത്തിയതിന്റെ യുക്തി മനസിലാകുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനൊപ്പം മാധ്യമങ്ങളെ കണ്ട അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ശിക്ഷിക്കാൻ എന്നു വ്യക്തമാക്കി ട്രംപ് 25% അധിക തീരുവയാണ് ചുമത്തിയത്. മൊത്തം 50%. എന്നാൽ ഇന്ത്യ യുഎസിൽ നിന്നും എണ്ണ വാങ്ങുന്നുണ്ടെന്നു ജയ്‌ശങ്കർ ചൂണ്ടിക്കാട്ടി. വാങ്ങുന്ന എണ്ണ കൂടിയിട്ടുമുണ്ട്.
"2022നു ശേഷം റഷ്യയുമായി ഏറ്റവുമധികം വ്യാപാരമുള്ള രാജ്യം ഇന്ത്യയല്ലെന്നും അദ്ദേഹം പറഞ്ഞു. "ലോക വിപണിയിൽ വില ഭദ്രമാവാൻ റഷ്യയിൽ നിന്ന് എണ്ണ വാങ്ങണമെന്നു യുഎസ് ഇന്ത്യയോട് പറഞ്ഞിരുന്നു. അതു കൊണ്ട് സത്യത്തിൽ അവർ പറയുന്ന യുക്തി മനസിലാക്കാൻ കഴിയുന്നില്ല."