ഇന്തോ-പാസിഫിക് മേഖലയിൽ ഇന്ത്യ ഏറ്റവും തന്ത്രപ്രാധാന്യമുളള സഖ്യരാഷ്ട്രമാണെന്നു വൈറ്റ് ഹൗസ്. യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാദ് സഖ്യത്തിന്റെ വിദേശകാര്യ മന്ത്രിമാർ ചൊവാഴ്ച വാഷിംഗ്ടണിൽ സമ്മേളിക്കാനിരിക്കെയാണ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് തിങ്കളാഴ്ച്ച ഈ പരാമർശം നടത്തിയത്.
പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുളള ശക്തമായ വ്യക്തി ബന്ധത്തെ കുറിച്ചും അവർ എടുത്തു പറഞ്ഞു.
ഇന്തോ-പാസിഫിക് മേഖലയിൽ ചൈനയുടെ സ്വാധീനത്തെ യുഎസ് എങ്ങിനെ കാണുന്നു എന്ന ചോദ്യത്തിന് ലീവിറ്റ് പ്രതികരിച്ചത് ഇങ്ങിനെ: "ഏഷ്യ പാസിഫിക്കിൽ ഇന്ത്യ ഏറ്റവും തന്ത്രപ്രാധാന്യമുളള സഖ്യരാഷ്ട്രമാണ്; പ്രസിഡന്റിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉറ്റ ബന്ധവുമുണ്ട്. അത് തുടരുകയും ചെയ്യും."
ഈ വർഷം ഡൽഹിയിൽ നടക്കുന്ന ക്വാദ് ഉച്ചകോടിയിലേക്കു മോദി ട്രംപിനെ ക്ഷണിച്ചിട്ടുണ്ട്. ആ സന്ദർശനത്തിനു ട്രംപ് ആവേശത്തോടെയാണ് ഉറ്റു നോക്കുന്നതെന്നു അക്കാര്യം വെളിപ്പെടുത്തിയ ഇന്ത്യൻ വിദേശകാര്യ വക്താവ് പറഞ്ഞിരുന്നു.
ക്വാദ് സമ്മേളനത്തിനു ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ തിങ്കളാഴ്ച്ച വാഷിംഗ്ടണിൽ എത്തി.