റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ മോസ്‌കോയുടെ യുക്രൈൻ യുദ്ധത്തിനു ധനസഹായം നൽകുകയാണെന്നു വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ ആരോപിച്ചു. വിവാദ പ്രസ്താവങ്ങൾക്കു കുപ്രസിദ്ധി നേടിയ മില്ലർ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായാണ് കരുതപ്പെടുന്നത്.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങാൻ പാടില്ലെന്നു മില്ലർ ഫോക്സ് ന്യൂസിൽ പറഞ്ഞു. ഈ കച്ചവടത്തിൽ ഇന്ത്യക്കു ചൈനയുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"റഷ്യയുടെ യുദ്ധത്തിനു പണം നൽകാൻ അവരുടെ എണ്ണ വാങ്ങുന്ന ഇന്ത്യയുടെ ഈ ഏർപ്പാട് സ്വീകാര്യമല്ല, ഇക്കാര്യത്തിൽ ഇന്ത്യക്കു ചൈനയുമായി കൂട്ടുണ്ടെന്നു കേൾക്കുമ്പോൾ നിങ്ങൾ ഞെട്ടും. അതിശയിപ്പിക്കുന്ന വസ്തുതയാണത്."
ട്രംപിനു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉറ്റ ബന്ധമുണ്ടെന്നു മില്ലർ ചൂണ്ടിക്കാട്ടി. എന്നാൽ റഷ്യയുടെ യുദ്ധത്തിനു പണം കിട്ടുന്ന പ്രശ്നം നമ്മൾ കൈകാര്യം ചെയ്യേണ്ടതുണ്ട്.
സമാധാനം സാധ്യമാക്കാനുളള എല്ലാ നടപടികളും പ്രസിഡന്റ് ട്രംപ് ആസൂത്രണം ചെയ്തിട്ടുണ്ടെന്നു മില്ലർ പറഞ്ഞു.
ഇന്ത്യ യുഎസ് ഉത്പന്നങ്ങൾ സ്വീകരിക്കുന്നില്ല എന്നു മില്ലർ ചൂണ്ടിക്കാട്ടി. "കനത്ത തീരുവയാണ് അവർ ചുമത്തുന്നത്. ഇമിഗ്രെഷൻ നയങ്ങളിൽ അവർ ഒട്ടേറെ വഞ്ചന നടത്തുന്നുണ്ട്. അമേരിക്കൻ ജീവനക്കാർക്ക് അത് ദോഷം ചെയ്യുന്നു. അതിനു പുറമെയാണ് റഷ്യയുടെ യുദ്ധത്തിനു നൽകുന്ന സഹായവും."
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയിട്ടുണ്ടെങ്കിൽ സന്തോഷമെന്നു ട്രംപ് വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു. എന്നാൽ എവിടന്നു വേണമെങ്കിലും എന്ന വാങ്ങാനുളള പരമാധികാരം ഇന്ത്യക്കുണ്ടെന്നു ന്യൂ ഡൽഹി പ്രതികരിച്ചു.
മാത്രമല്ല, റഷ്യൻ എണ്ണയ്ക്ക് യുഎസിന്റെയോ ഇ യുവിന്റെയോ ഉപരോധം ഇല്ലെന്നതാണ് വസ്തുത. ഉണ്ടെന്ന വാദം അവാസ്തവമാണ്.