ട്രംപിനെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ജപ്പാൻപ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുമെന്ന് വൈറ്റ് ഹൗസ്

New Update
V

ടോക്കിയോ: ട്രംപിനെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ജപ്പാൻ പ്രധാനമന്ത്രി സനേ തകായിചി നാമനിർദ്ദേശം ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡോണൾഡ് ട്രംപിന്റെ ജപ്പാൻ സന്ദർശനവേളയിലാണ് തകായിചി ഇക്കാര്യം വ്യക്തമാക്കിയത്. ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകായിച്ചിയുടെ നേട്ടത്തെ മഹത്തരമെന്ന് വിശേഷിപ്പിച്ച ട്രംപ്, ജപ്പാനോടുള്ള യു.എസ് പ്രതിബദ്ധത എക്കാലവും ഉണ്ടാകുമെന്ന് പറഞ്ഞു. ഏഷ്യയിലെ അമേരിക്കയുടെ ഏറ്റവും ഉറച്ച സഖ്യകക്ഷികളിൽ ഒന്നായ ജപ്പാനെ സഹായിക്കാൻ തനിക്ക് എന്ത് ചെയ്യാൻ കഴിയുമോ, അതെല്ലാം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

Advertisment

ഒരാഴ്ച‌ മുമ്പ് ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകായിച്ചി, തന്റെ രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ട്രംപുമായുള്ള ബന്ധം കൂടുതൽ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി ഫോർഡ് എഫ് 150 ട്രക്കുകൾ ഉൾപ്പെടെ അമേരിക്കയിൽ നിന്നും വാങ്ങാൻ ഒരുങ്ങുകയാണ് ജപ്പാൻ. ഇടുങ്ങിയ തെരുവുകളിൽ പ്രായോഗികമല്ലാത്ത വലിയ അമേരിക്കൻ വാഹനങ്ങൾ ജപ്പാൻ വാങ്ങുന്നില്ലെന്ന് ട്രംപ് പലപ്പോഴും പരാതിപ്പെട്ടിരുന്നു. അതേ സമയം വ്യാപാര കരാറിന്റെ ഭാഗമായി 550 ബില്യൺ ഡോളറിന്റെ ജാപ്പനീസ് നിക്ഷേപം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ട്രംപ്.

അമേരിക്കയുടെ 250-ാം വാർഷികത്തോടനുബന്ധിച്ച് ജപ്പാൻ അടുത്ത വർഷം 250 ചെറി മരങ്ങൾ നൽകുമെന്നും ജൂലൈ 4 ലെ ആഘോഷങ്ങൾക്കായി അകിത പ്രിഫെക്ചറിൽ നിന്നുള്ള പടക്കങ്ങൾ സമ്മാനിക്കുമെന്നും തകായിചി പറഞ്ഞു. മുൻ പ്രധാനമന്ത്രി ആബെ ഉപയോഗിച്ചിരുന്ന ഒരു പുട്ടറും പ്രൊഫഷണൽ ഗോൾഫ് കളിക്കാരൻ ഹിഡെകി മാറ്റ്സുയാമ ഒപ്പിട്ട ഗോൾഫ് ബാഗും തകായിച്ചി ട്രംപിന് സമ്മാനമായി നൽകി.

Advertisment