/sathyam/media/media_files/2025/10/03/hhg-2025-10-03-05-57-21.jpg)
അടച്ചു പൂട്ടൽ ആരംഭിച്ചതോടെ ഫെഡറൽ ജീവനക്കാരുടെ പിരിച്ചുവിടൽ ഉടൻ വേണ്ടി വരുമെന്നു ബുധനാഴ്ച്ച വൈറ്റ് ഹൗസ് അറിയിച്ചു. എവിടെയൊക്കെയാണ് പിരിച്ചു വിടൽ വേണ്ടി വരുന്നതെന്നു വിലയിരുത്തി വരികയാണ്.
ഡെമോക്രാറ്റുകളാണ് ഈ സാഹചര്യത്തിന് ഉത്തരവാദികളെന്നു പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് കുറ്റപ്പെടുത്തി. വൈസ് പ്രസിഡന്റ് ജെ ഡി വാൻസും അതേ അഭിപ്രായം തന്നെ പറഞ്ഞു. "അവശ്യ സർവീസുകൾ തുടരാൻ മറ്റു ചിലേടത്തു പിരിച്ചു വിടൽ നടത്തേണ്ടി വരും," വാൻസ് ചൂണ്ടിക്കാട്ടി.
പിരിച്ചു വിടൽ ഭീഷണി തള്ളിക്കളഞ്ഞ ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രിസ് പറഞ്ഞു: "ഇത് തൊഴിലുകൾ ഇല്ലാതാക്കുന്ന ഭരണകൂടമാണ്. ജനുവരി 20 മുതൽ അവർ ചെയ്തു കൊണ്ടിരിക്കുന്നത് അതു തന്നെയാണ്. ഫെഡറൽ ജീവനക്കാരെ കൂട്ടമായി പിരിച്ചു വിടുക. തൊഴിലുകൾ ഇല്ലാതാക്കുക."
അനധികൃത കുടിയേറ്റക്കാർക്ക് ഡെമോക്രറ്റുകൾ ആരോഗ്യ രക്ഷാ സബ്‌സിഡികൾ ആവശ്യപ്പെട്ടു എന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ആരോപണം. ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുൾ' ബില്ലിൽ പൗരന്മാരുടെ ആരോഗ്യ രക്ഷയ്ക്കുള്ള പണം കുറച്ചത് പുനഃസ്ഥാപിക്കണം എന്നാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നു ഡെമോക്രറ്റുകൾ വിശദീകരിക്കുന്നു.
റിപ്പബ്ലിക്കൻ അടച്ചുപൂട്ടലെന്ന് ഹാരിസ്
അടച്ചു പൂട്ടലിന്റെ ഉത്തരവാദിത്തം ട്രംപിനും പാർട്ടിക്കും ആണെന്നു മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞു. "ആരോഗ്യ രക്ഷാ ചിലവുകൾ വർധിക്കുന്നത് തടയാൻ അവർക്കു മനസില്ല. സെനറ്റിലും ഹൗസിലും വൈറ്റ് ഹൗസിലും നിയന്ത്രണമുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ അടച്ചുപൂട്ടലാണിത്."
ട്രംപിന്റെ ശൈലി അനുകരിച്ചു കൊണ്ടുള്ള സന്ദേശത്തിൽ കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം പറഞ്ഞു: "ഇതാ ട്രംപിന്റെ അടച്ചുപൂട്ടൽ. പടികൾ ചവിട്ടിക്കയറാൻ പോലും കഴിയാത്ത വിധം ദുർബലനായ ഒരു മനുഷ്യൻ കുഞ്ഞുങ്ങ അമ്മമാരെയും അമ്മൂമ്മമാരെയും ബന്ദികളാക്കി വച്ച് നടപ്പാക്കുന്ന സംവിധാനം."