മാനിറ്റോബ: യുഎസിന്‍റെയും ക്യാനഡയുടെയും ചില ഭാഗങ്ങളില്‍ കാട്ടു തീ ആളിപ്പടരുന്നു. കാല്‍ ലക്ഷത്തോളം താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. വടക്കു പടിഞ്ഞാറു നിന്ന് തെക്കു കിഴക്ക് വരെയാണ് തീ പടര്‍ന്നിട്ടുള്ളത്.
കനേഡിയന്‍ പ്രവിശ്യയായ മാനിറ്റോബയില്‍ നിന്ന് ഏകദേശം 17,000 നിവാസികളെ ഒഴിപ്പിച്ചു. ഇതില്‍ 5000 ത്തിലധികം പേര്‍ ഫ്ലിന്‍ ഫ്ലോണില്‍ നിന്നുള്ളവരാണ്. പ്രവിശ്യാ തലസ്ഥാനമായ വിന്നിപെഗില്‍ നിന്ന് ഏകദേശം 400 മൈല്‍ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന നഗരത്തില്‍ ഞായറാഴ്ച വരെ തീപിടിത്തം ഉണ്ടായിട്ടില്ല. പക്ഷേ, കാറ്റിന്‍റെ ദിശാ മാറ്റം തീ നഗരത്തിലേയ്ക്ക് കൊണ്ടു വരാന്‍ കാരണമായേക്കാം എന്ന് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നു.
പുക കാരണം വായുവിന്‍റെ ഗുണനിലവാരം വഷളായിരിക്കുകയാണ്. ആല്‍ബെര്‍ട്ടയിലേയ്ക്ക് ഒരു എയര്‍ ടാങ്കര്‍ വിന്യസിച്ചിട്ടുണ്ടെന്നും യുഎസ് 150 അഗ്നിശമന സേനാംഗങ്ങളെയും സ്പ്രിംഗ്ളര്‍ കിറ്റുകള്‍, പമ്പുകള്‍, ഹോസുകള്‍ തുടങ്ങിയ ഉപകരണങ്ങളെയും ക്യാനഡയിലേയ്ക്ക് അയയ്ക്കുന്നുണ്ടെന്നും യുഎസ് അറിയിച്ചു.