പടിഞ്ഞാറൻ യുഎസിൽ വിസ്മയമായ ഗ്രാൻഡ് കാന്യൻ നാഷനൽ പാർക്ക് സമീപത്തു കാട്ടു തീ പടർന്നതിനെ തുടർന്ന് അടച്ചു. രണ്ടു കാട്ടുതീകൾ വ്യാപിച്ചു കൊണ്ടിരിക്കെ പാർക്കിൽ നിന്നു നൂറു കണക്കിനു സന്ദർശകരെ ഒഴിപ്പിച്ചിരുന്നു.
ഡ്രാഗൺ ബ്രാവോ, വൈറ്റ് സേജ് അഗ്നിബാധകളിൽ നിന്നു രക്ഷയ്ക്കു പാർക്കിന്റെ നോർത്തേൺ റിം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചുവെന്നു അറിയിപ്പിൽ പറയുന്നു.
തീയുടെ അവസ്ഥയും കാറ്റിന്റെ ഗതിയും അനുസരിച്ചു വായുവിന്റെ നിലവാരത്തിൽ മാറ്റം വരാമെന്നു അധികൃതർ പറഞ്ഞു.
ബുധനാഴ്ച്ച ഇടിമിന്നലിനെ തുടർന്നു ആരംഭിച്ച വൈറ്റ് സേജ് കാട്ടുതീ 19,000 ഏക്കറിലേക്കു വ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച്ച രാവിലെ തെല്ലും നിയന്ത്രണത്തിൽ ആയിട്ടില്ലെന്നു വനം വകുപ്പ് അധികൃതർ പറഞ്ഞു. തീ കൂടുതൽ ആളുന്നതാണ് കാണുന്നത്.
വൈറ്റ് സേജ് പരിഗണിച്ചു നോർത്ത് റിമ്മിൽ നിന്നു 500 സന്ദർശകരെ ഒഴിപ്പിച്ചു.
ഡ്രാഗൺ ബ്രാവോ തീ ജൂലൈ 4നു തുടങ്ങിയതാണ്. ചൂടും കാറ്റുമാണ് തീ വഷളാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 5,000 ഏക്കർ സ്ഥലം ഈ തീയിൽ നശിച്ചിട്ടുണ്ട്.