/sathyam/media/media_files/2026/01/19/f-2026-01-19-04-19-13.jpg)
മേരിലാൻഡ്: അമേരിക്കൻപൗരത്വം തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കിയിട്ടും, 22 വയസ്സുകാരിയെ 25 ദിവസം തടവിലിടുകയും കാലിൽ നിരീക്ഷണ ഉപകരണം ഘടിപ്പിക്കുകയും ചെയ്ത ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ നടപടി വിവാദമാകുന്നു.മേരിലാൻഡ് സ്വദേശിയായ ദുൽസി കോൺസുലോ ഡയസ് മൊറാലസിനാണ് ഈ ദുരനുഭവം നേരിട്ടത്.
ഡിസംബർ 14ന് ബാൾട്ടിമോറിൽ നിന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ദുൽസിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. അമേരിക്കയിലാണ് ജനിച്ചതെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അത് വിശ്വസിക്കാൻ തയ്യാറായില്ല. മേരിലാൻഡിലെ ആശുപത്രിയിൽ നിന്നുള്ള ജനന സർട്ടിഫിക്കറ്റ്, പ്രതിരോധ കുത്തിവയ്പ്പ് രേഖകൾ, കാൽപ്പാടുകൾ അടങ്ങിയ മെഡിക്കൽ രേഖകൾ എന്നിവ അഭിഭാഷകർ ഹാജരാക്കി. ജോൺ ഹോപ്‌കിൻസ് മെഡിക്കൽ സ്കൂളിലെ വിദഗ്ധരും ഈ രേഖകൾ യഥാർഥമാണെന്ന് സ്‌ഥിരീകരിച്ചു.
ദുൽസി മെക്സിക്കോയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരിയാണെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം ആരോപിക്കുന്നത്. മുൻപ് അതിർത്തി കടക്കാൻ ശ്രമിച്ചപ്പോൾ അവർ മെക്സിക്കൻ പൗരത്വമാണ് അവകാശപ്പെട്ടതെന്നും ഉദ്യോഗസ്‌ഥർ പറയുന്നു.
ജനുവരി ഏഴിന് തടവിൽ നിന്ന് മോചിപ്പിച്ചെങ്കിലും കേസ് പിൻവലിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഉദ്യോഗസ്ഥരെ കാണാനെത്തിയപ്പോൾ നിർബന്ധപൂർവ്വം അവരുടെ കാലിൽ നിരീക്ഷണ ഉപകരണം ഘടിപ്പിച്ചു. പൗരത്വം തെളിയിക്കാൻ അമേരിക്കൻ പൗരന്മാരോട് ആവശ്യപ്പെടുന്ന് അപകടകരമായ കീഴ്വഴക്കമാണ്. ലാറ്റിൻ അമേരിക്കൻ പൈതൃകമുള്ള പൗരന്മാരെ മനഃപൂർവ്വം ലക്ഷ്യമിടുകയാണെന്നും ദുൽസിയുടെ അഭിഭാഷകർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us