ട്രംപിന്റെ വെനസ്വേലന്‍ വേലയില്‍ സ്തംഭിച്ച് ലോക നേതാക്കള്‍, മയക്കുമരുന്ന് വ്യാപാരിയെ പുറത്താക്കണം ,പക്ഷേ

New Update
G

കാറക്കസ് : ഇറാഖിലും അഫ്ഗാനിസ്ഥാനിലും മറ്റിടങ്ങളിലും നടത്തിയ യു എസ് ഇടപെടലുകളെക്കുറിച്ചുള്ള ഓര്‍മ്മകളുള്ളതിനാല്‍ ട്രംപിന്റെ വെനസ്വേലന്‍ നീക്കത്തില്‍ സ്തംഭിച്ച് ലോക നേതാക്കള്‍. പ്രതിഷേധവുമായി ചില രാജ്യങ്ങള്‍ ഇതിനകം രംഗത്തുവന്നിട്ടുമുണ്ട്.

Advertisment

സിസ്റ്റം മാറണമെന്ന് , വെനസ്വേലന്‍ ജനതയില്‍ ഭൂരിപക്ഷം ആവശ്യപ്പെടുമ്പോഴും അമേരിക്കന്‍ സൈനിക ഇടപെടല്‍ ആവശ്യമാണ് എന്നതിനെ പലരും പിന്തുണയ്ക്കുന്നില്ല ഏകദേശം 54% ആളുകള്‍ വിദേശ സൈനിക ഇടപെടല്‍ എതിര്‍ക്കുമ്പോള്‍ 35% മാത്രമാണ് അത്തരമൊരു നീക്കത്തെ പിന്തുണയ്ക്കുന്നത്.

തോറ്റമ്പിയ ഏകാധിപതി…സ്വേച്ഛാധിപതി

2024-ലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയ ഏകാധിപതിയായ പ്രസിഡന്റ് നിക്കൊളാസ് മഡൂറോ ജനവിധിയെ മറികടന്ന് സ്വേച്ഛാധിപത്യം തുടരുകയായിരുന്നു! പ്രതിപക്ഷത്തിന്റെ ബദല്‍ സ്ഥാനാര്‍ത്ഥി എഡ്മണ്ടോ ഗോണ്‍സാലസ് ഉറുട്ടിയയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനു വിജയം ലഭിച്ചെങ്കിലും കമ്യുണിസ്റ്റ് ഡിക്ടേറ്ററായ മദൂറോ ഭരണം വിട്ടുകൊടുക്കാതെ തുടര്‍ന്നു. കടുത്ത വെല്ലുവിളികള്‍ നേരിട്ടിട്ടും ലക്ഷ്യത്തില്‍ നിന്നു വ്യതിചലിക്കാതെ, കമ്മ്യുണിസ്റ്റ് വൃത്തികേടുകള്‍ക്കെതിരെ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ വെനസ്വേലയ്ക്കായി പോരാടുകയെന്ന ദൗത്യത്തില്‍ നിന്ന് അണുവിട പിന്മാറാത്ത ആയിരങ്ങള്‍ വെനസ്വേലന്‍ ജനതയുടെ സ്വപ്നങ്ങള്‍ പൂവണിയാന്‍ കാത്തിരിക്കവെയാണ് അമേരിക്കയുടെ ഇടപെടല്‍ ഉണ്ടായത്.

വെനിസ്വേലയെ നിയന്ത്രിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ അഞ്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും സ്‌പെയിനും മുന്നറിയിപ്പ് നല്‍കി.റഷ്യയും ചൈനയും യു എസിനെ വിമര്‍ശിച്ചു.അതിനിടെ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍  യോഗം ചേരും.

ബ്രസീല്‍, ചിലി, കൊളംബിയ, മെക്സിക്കോ, ഉറുഗ്വേ, സ്പെയിന്‍ എന്നിവയുടെ സംയുക്ത പ്രസ്താവന വെനിസ്വേലയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മഡുറോയെ പുറത്താക്കിയ യു എസ് സേനയുടെ നടപടിയെ തള്ളിക്കളഞ്ഞു.ഒരു രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ പുറത്തു നിന്നുള്ള ശക്തികള്‍ കൈവശപ്പെടുത്താനുള്ള ഏതൊരു ശ്രമവും ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രസ്താവന പറയുന്നു.

മഡുറോയെ എതിര്‍ക്കുന്നുണ്ടെങ്കില്‍പ്പോലും, പല പാശ്ചാത്യ രാജ്യങ്ങളും അന്താരാഷ്ട്ര നിയമത്തെ മാനിക്കണമെന്ന നിലപാടുള്ളവരാണ്. ഇത്തരത്തിലുള്ള അഭ്യര്‍ത്ഥനകള്‍ യുഎസിനോട് ഇവര്‍ നടത്തുകയും ചെയ്തിരുന്നു. ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരിയെ ‘പിടിച്ചെടുക്കുന്നതിന്റെ’ നിയമസാധുതയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

അതേ സമയം നിയമ നിര്‍വ്വഹണ ദൗത്യമെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി ഈ നടപടിയെ പ്രസ്താവനയില്‍ വിശേഷിപ്പിച്ചു.നാര്‍ക്കോ-ടെററിസം ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് മഡുറോയ്ക്കെതിരെയുള്ളതെന്നും ഇദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് ലോകത്തിലെ കമ്യുണിസ്റ്റുകളുടെ ആചാര്യനാണ് മഡുറോയെന്ന് അമേരിക്ക ആരോപിക്കുന്നു.

എണ്ണ ഉത്പ്പാദക രാജ്യമായ വെനസ്വേലയ്ക്കെതിരായ യു എസ് നടപടിയുടെയും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലും എണ്ണ ഉല്‍പാദനം സ്ഥിരമായി നിലനിര്‍ത്താന്‍ ഒപെക് + രാജ്യങ്ങള്‍ തീരുമാനിച്ചു. സൗദി അറേബ്യ, റഷ്യ, യു എ ഇ, കസാക്കിസ്ഥാന്‍, കുവൈറ്റ്, ഇറാഖ്, അള്‍ജീരിയ, ഒമാന്‍ എന്നീ എട്ട് രാജ്യങ്ങളാണ് ഹ്രസ്വ ഓണ്‍ലൈന്‍ മീറ്റിംഗില്‍ ഈ തീരുമാനമെടുത്തതെന്ന് ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു. വെനിസ്വേലയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തില്ലെന്ന് ഗ്രൂപ്പ് പറഞ്ഞു. അടുത്തതായി ഫെബ്രുവരി ഒന്നിന് യോഗം ചേരാനും ഒപെക് തീരുമാനിച്ചു.

മഡുറോയ്ക്ക് പിന്നില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് ഡെല്‍സി റോഡ്രിഗ്സ്

കാറക്കസ് : വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റായി നിക്കോളാസ് മഡുറോ സര്‍ക്കാരിന്റെ ഓയില്‍ മന്ത്രിയും വൈസ് പ്രസിഡന്റുമായ ഡെല്‍സി റോഡ്രിഗ്സിനെ രാജ്യത്തെ പരമോന്നത കോടതി നിയമിച്ചു.മഡുറോയ്ക്ക് പിന്നില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് ഡെല്‍സി റോഡ്രിഗ്സ് വ്യക്തമാക്കി.69കാരനായ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതോടെ എന്തുചെയ്യണമെന്നറിയാതെ അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കുമിടയിലാണ് എണ്ണ കൊണ്ട് സമ്പന്നമായ ദക്ഷിണ അമേരിക്കന്‍ രാഷ്ട്രം.എന്നിരുന്നാലും പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് പിന്നില്‍ രാജ്യത്തെ സര്‍ക്കാര്‍ ഒറ്റക്കെട്ടായി തുടരുമെന്ന് ഡെല്‍സി റോഡ്രിഗ്സ് പ്രഖ്യാപിച്ചു.

സ്വകാര്യ മേഖലയുമായുള്ള ബന്ധവും രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ എണ്ണയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും മൂലം മഡുറോ ഭരണകൂടത്തിലെ ഏറ്റവും പ്രായോഗികതയുള്ള നേതാവായാണ് റോഡ്രിഗസിനെ കണക്കാക്കുന്നത്. ഇവര്‍ അമേരിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ അവര്‍ പരസ്യമായി അമേരിക്കയെ തള്ളിപ്പറഞ്ഞു.

അതേ സമയം,ശരിയായത് ചെയ്തില്ലെങ്കില്‍, റോഡ്രിഗസിന് മഡുറോയേക്കാള്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞതായി ദി അറ്റ്ലാന്റിക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് പ്രസിഡന്റിനെ അമേരിക്കന്‍ സേന അറസ്റ്റുചെയ്തത്. അതിനിടെ, മയക്കുമരുന്ന് കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കുന്നതിനായി നിക്കോളാസ് മഡുറോയെ ന്യൂയോര്‍ക്കിലെ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.ഭാര്യ സിലിയ ഫ്ലോറസിനെയും തടങ്കലിലാക്കി. കണ്ണുകള്‍ കെട്ടിയും കൈകള്‍ വിലങ്ങുവെച്ചും ഇന്നലെ പുറത്തുവന്ന മഡുറോയുടെ ചിത്രങ്ങള്‍ വെനിസ്വേലന്‍ ജനതയെ അത്ഭുതപ്പെടുത്തി. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് പനാമ അധിനിവേശത്തിനുശേഷം ലാറ്റിന്‍ അമേരിക്കയില്‍ വാഷിംഗ്ടണ്‍ നടത്തുന്ന ഏറ്റവും വിവാദപരമായ ഇടപെടലാണിത്.

നിക്കോളാസ് മഡുറോ മൊറോസ് എന്ന ഒരു പ്രസിഡന്റ് മാത്രമേ വെനസ്വേലയ്ക്കുള്ളുവെന്ന് ഭരണകക്ഷിയായ പിഎസ്യുവി സോഷ്യലിസ്റ്റ് പാര്‍ട്ടി പുറത്തിറക്കിയ ഓഡിയോ റെക്കോര്‍ഡിംഗില്‍ ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ വ്യക്തമാക്കി. ശത്രുവിന്റെ പ്രകോപനങ്ങളില്‍ ആരും വീഴരുതെന്നും ഇദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യു എസ് ആക്രമണം സൈനികരെയും സാധാരണക്കാരെയും മഡുറോയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വലിയൊരു ഭാഗത്തെയും മരവിപ്പിച്ചുകളഞ്ഞെന്ന് പ്രതിരോധ മന്ത്രി ജനറല്‍ വ്‌ളാഡിമിര്‍ പാഡ്രിനോ സ്റ്റേറ്റ് അഭിപ്രായപ്പെട്ടു.പരമാധികാരം ഉറപ്പാക്കാന്‍ വെനിസ്വേലയുടെ സായുധ സേനയെ സജീവമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Advertisment