ബാങ്കോക്ക്: ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽഗ്ലോബൽ കോൺഫറൻസിന് ബാങ്കോക്കിൽ കപ്പൽസവാരിയോടെ തുടക്കമായി.
ചാവോ പ്രയാ നദിയിലൂടെ സഞ്ചരിച്ച ആഡംബര കപ്പലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അമേരിക്ക, കാനഡ, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ, യൂറോപ്പ് തുടങ്ങിയ 30-ത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള 565 പ്രതിനിധികൾ പങ്കെടുത്തു.
വിശിഷ്ടതിഥികളായി മുൻ എംപി കെ മുരളീധരൻ, സനീഷ് കുമാർ എം എൽ എ,സോന നായർ, മുരുകൻ കാട്ടാക്കട എന്നിവർ പങ്കെടുത്തു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികൾ ചെയർ പേഴ്സൺ തങ്കമണി ദിവാകരൻ,
പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ ജനറൽ സെക്രട്ടറി ദിനേശ് നായർ, ട്രഷറർ ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിന് ജെയിംസ് കൂടൽ, കോൺഫ്രൻസ് കമ്മിറ്റി ചെയർമാൻ ബാബു സ്റ്റീഫൻ, വൈസ് ചെയർ സുരേന്ദ്രൻ കണ്ണാട്ട്, ജനറൽ കൺവീനർ അജോയ് കല്ലും കുന്നേൽ എന്നിവർ ചേർന്ന് വിശിഷ്ട അതിഥികളെയും പ്രതിനിധികളെയും സ്വീകരിച്ചു.
ഗ്ലോബൽ സംഗമം, നമ്മുടെ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം ഭാവി വികസന പദ്ധതികൾക്കുള്ള അവസരവുമാണ്. ആശയവിനിമയവും സഹകരണവും വഴി, പ്രത്യേകിച്ച് നമ്മുടെ യുവാക്കളെയും സംരംഭകരെയും, ആഗോള തലത്തിൽ മുന്നോട്ട് കൊണ്ടുപോകുകയാണ് കോൺഫ്രൻസ് ലക്ഷ്യം വയ്ക്കുന്നത്.
ജൂലൈ 28 വരെ നീളുന്ന കോൺഫറൻസിൽ ബിസിനസ് സമ്മേളനങ്ങളും, നേതൃത്വ സെഷനുകളും, സാംസ്‌കാരിക വിരുന്നുകളും, ഡബ്ലിയുഎംസി ഗ്ലോബൽ അവാർഡുകളും വിതരണം ചെയ്യും.
ബാങ്കോക്കിൽ നടക്കുന്ന ഈ മീറ്റ് ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ മലയാളി സംഗമങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്.