/sathyam/media/media_files/2025/04/04/VonepAB8TFseyjrIp47J.jpg)
ഇല്ലിനോയ് : ഇല്ലിനോയിൽ നിന്നുള്ള ഗവേഷകർ അരിമണിയേക്കാൾ ചെറുതും പ്രകാശത്താൽ പ്രവർത്തിക്കുന്നതുമായ പേസ്‌മേക്കർ വികസിപ്പിച്ചെടുത്തു. ഇത് നവജാത ശിശുക്കളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്നും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ള മുതിർന്നവർക്കും പ്രയോജനകരമാകുമെന്നും കരുതുന്നു. സിറിഞ്ച് വഴി എളുപ്പത്തിൽ ഘടിപ്പിക്കാൻ കഴിയുന്ന ഈ ഉപകരണം സംബന്ധിച്ച വിശദാംശങ്ങൾ ഏപ്രിൽ 2 ന് 'നേച്ചർ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓരോ വർഷവും ഏകദേശം ഒരു ശതമാനം നവജാത ശിശുക്കളാണ് ഹൃദയ വൈകല്യങ്ങളോടെ ജനിക്കുന്നച്. ഈ കുട്ടികളിൽ ഭൂരിഭാഗം പേർക്കും ഹൃദയം സ്വയം സുഖം പ്രാപിക്കാൻ ഏകദേശം ഏഴ് ദിവസത്തെ താൽക്കാലിക പേസ്‌മേക്കർ ചികിത്സ മാത്രമേ ആവശ്യമുള്ളൂ. എന്നാൽ മുതിർന്നവരിൽ താൽക്കാലിക പേസ്‌മേക്കറുകൾ ഉപയോഗിക്കുന്നതിനുള്ള നിലവിലെ രീതികൾ പലപ്പോഴും ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്.
സാധാരണയായി, ശസ്ത്രക്രിയയിലൂടെ ഇലക്ട്രോഡുകൾ ഹൃദയത്തിൽ നേരിട്ട് തുന്നിച്ചേർക്കുകയും, തുടർന്ന് നെഞ്ചിൽ നിന്ന് പുറത്തേക്ക് വരുന്ന വയറുകൾ ഉപയോഗിച്ച് ഒരു ബാഹ്യ പേസിങ് ബോക്സുമായി ബന്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇലക്ട്രോഡുകളുടെ ആവശ്യം കഴിഞ്ഞാൽ അവ നീക്കം ചെയ്യേണ്ടതുണ്ട്. ഈ ശസ്ത്രക്രിയയ്ക്കു ശേഷം അണുബാധ, ഇലക്ട്രോഡുകൾ സ്ഥാനത്ത് നിന്ന് മാറാനുള്ള സാധ്യത, രക്തം കട്ടപിടിക്കൽ തുടങ്ങിയ അപകടസാധ്യതകൾ ഉണ്ട്. ചിലപ്പോൾ വയറുകൾ കുടുങ്ങി കൂടുതൽ സങ്കീർണതകൾ ഉണ്ടാക്കാറുണ്ട്.
മനുഷ്യ ഹൃദയത്തിന് വളരെ കുറഞ്ഞ അളവിലുള്ള വൈദ്യുത ഉത്തേജനം മാത്രമേ ആവശ്യമുള്ളൂ എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, ഗവേഷകർക്ക് അവരുടെ പുതിയ തലമുറ പേസ്‌മേക്കറിനെ കൂടുതൽ ചെറുതാക്കാൻ സാധിച്ചു. ഇപ്പോൾ വികസിപ്പിച്ചിരിക്കുന്ന ഉപകരണം 1.8 മില്ലീമീറ്റർ വീതിയും 3.5 മില്ലീമീറ്റർ നീളവും 1 മില്ലീമീറ്റർ കട്ടിയുമേയുള്ളൂ. എന്നിരുന്നാലും, ഒരു സാധാരണ പേസ്‌മേക്കറിന് ആവശ്യമായ വൈദ്യുത ഉത്തേജനം നൽകാൻ ഇതിന് കഴിയും.
ഈ പേസ്‌മേക്കർ നിർമിച്ചിരിക്കുന്ന വസ്തുക്കൾ കാലക്രമേണ ശരീരത്തിൽ ലയിച്ചു പോകുന്നതിനാൽ, ഇത് നീക്കം ചെയ്യാൻ പിന്നീട് ഒരു ശസ്ത്രക്രിയയുടെ ആവശ്യമില്ല. ഇത് ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടാകുന്ന സങ്കീർണതകളും രോഗിയുടെ ആഘാതവും കുറയ്ക്കാൻ സഹായിക്കും എന്ന് കാർഡിയോളജിസ്റ്റും ഗവേഷകനുമായ ഇഗോർ എഫിമോവ് വിശദീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us