/sathyam/media/media_files/2025/08/17/hvcv-2025-08-17-04-55-28.jpg)
യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി തിങ്കളാഴ്ച്ച വാഷിംഗ്‌ടണിൽ എത്തി പ്രസിഡന്റ് ട്രംപുമായി ചർച്ച നടത്തും. അലാസ്‌കയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായുള്ള ഉച്ചകോടിക്കു ശേഷം യൂറോപ്പിനെ ഒഴിവാക്കി യുക്രൈൻ വിഷയത്തിൽ നീങ്ങാനാണ് ട്രംപ് ശ്രമിക്കുന്നതെന്നു കരുതപ്പെടുന്നു.
യുദ്ധത്തിൽ വെടിനിർത്താൻ അലാസ്‌കയിൽ റഷ്യ തയാറായില്ല എന്നിരിക്കെ, സമഗ്രമായ പരിഹാരമാണ് പ്രധാനം എന്ന പുട്ടിന്റെ ആശയത്തിലേക്കു ട്രംപും നീങ്ങുന്നതായാണ് കാണുന്നത്. എന്നാൽ, റഷ്യ ആക്രമണം തുടരുമ്പോൾ, വെടിനിർത്തൽ ആണ് പ്രധാനം എന്ന നിലപാടിലാണ് യൂറോപ്യൻ നേതാക്കൾ. വെടി നിർത്തൽ നടപ്പായാൽ പുട്ടിനു വിലപേശാനുളള ഒരു കാർഡ് നഷ്ടമാവും.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ ഉച്ചകോടിക്കു ശേഷം പറഞ്ഞത് റഷ്യ യുക്രൈനിൽ കൊല്ലും കൊലയും തുടർന്നാൽ സാമ്പത്തികമായി ശിക്ഷിക്കും എന്നാണ്.
സിലിൻസ്കിയുമായി തിങ്കളാഴ്ച്ച ചർച്ച നടത്തിയ ശേഷം പുട്ടിനെ വീണ്ടും കാണാൻ ഇടയുണ്ടെന്ന് ട്രംപ് പറയുന്നു. യുദ്ധം അവസാനിപ്പിക്കുന്ന കാര്യമാണ് തിങ്കളാഴ്ച്ച ചർച്ച ചെയ്യുകയ്യെന്നു സിലിൻസ്കി ശനിയാഴ്ച്ച പറഞ്ഞു. സമാധാനം സാധ്യമാക്കേണ്ടത് സിലിൻസ്കിയാണെന്നു ട്രംപ് പറയുന്നുണ്ട് താനും. യൂറോപ്പിനു പരിമിതമായ പങ്കേയുള്ളൂ എന്നും അദ്ദേഹം പറയുന്നു.