/sathyam/media/media_files/2025/08/20/bbbz-2025-08-20-05-11-07.jpg)
റഷ്യ യുക്രൈനിൽ നിന്നു തട്ടിക്കൊണ്ടു പോയ ആയിരക്കണക്കിനു കുട്ടികളുടെ ഭാവിയെ ഓർത്തു യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു പ്രഥമ വനിത മെലാനിയാ ട്രംപ് പ്രസിഡന്റ് പുട്ടിനു അയച്ച കത്തിനു യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി നന്ദി പറഞ്ഞു. പ്രസിഡന്റ് ട്രംപുമായി തിങ്കളാഴ്ച്ച വൈറ്റ് ഹൗസിൽ ചർച്ച ആരംഭിക്കുന്നതിനു മുൻപു എക്‌സിൽ സിലിൻസ്കി കുറിച്ചു: "ഈ യുദ്ധത്തിലെ ഏറ്റവും വേദനകരവും ക്ലേശകരവുമായ വിഷയങ്ങളിലൊന്ന് ഉന്നയിച്ചതിനു ഞാൻ മെലാനിയ ട്രംപിനോടു നന്ദി പറയുന്നു. റഷ്യ യുക്രൈനിൽ നിന്നു കുട്ടികളെ തട്ടിക്കൊണ്ടു പോയതിൽ മെലാനിയ പ്രകടിപ്പിച്ച അനുകമ്പയ്ക്കും അക്കാര്യം പുട്ടിനു എഴുതിയതിലും അവർക്കു നന്ദി പറയുന്നു.
"ഈ വിഷയം യുദ്ധത്തിലെ മാനുഷിക ദുരന്തത്തിന്റെ ഹൃദയത്തിൽ തന്നെ കിടക്കുന്നതാണ്. ഞങ്ങളുടെ കുട്ടികൾ, ഭിന്നിച്ചു പോയ കുടുംബങ്ങൾ, പിരിയുന്നതിന്റെ വേദന. 20,000 കുട്ടികളെയെങ്കിലും തട്ടിക്കൊണ്ടു പോയിട്ടുണ്ട്.
"യുക്രൈൻ പ്രഥമവനിത ഒലീന സിലിൻസ്കയുടെ നന്ദി മെലാനിയയെ അറിയിക്കാൻ ഞാൻ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടു. മെലാനിയുടെ ശബ്ദത്തിനു പ്രസക്തിയുണ്ട്, അവരുടെ കരുതൽ ഈ വിഷയത്തിൽ കരുത്തു പകരുന്നു.
"ഓരോ കുട്ടിയേയും തിരിച്ചു വീട്ടിൽ കൊണ്ടുവരാൻ ഞങ്ങൾ വിശ്രമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. യുദ്ധ തടവുകാരുടെയും വര്ഷങ്ങളായി കഠിനമായ അവസ്ഥയിൽ റഷ്യ തടവിലാക്കിയിട്ടുളള സിവിലിയന്മാരുടെയും കാര്യത്തിലും അങ്ങിനെ തന്നെ.
"ആയിരക്കണക്കിന് ആളുകളെ മോചിപ്പിക്കാനുണ്ട്. അത് സമാധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമാണ്. സഹായം നൽകാൻ ശക്തരായ സുഹൃത്തുക്കൾ ഉള്ളതിൽ നന്ദിയുണ്ട്."
ഒലീന സിലിൻസ്കയുടെ കത്ത് ട്രംപിനു നൽകുമ്പോൾ സിലിൻസ്കി പറഞ്ഞു: "ഇത് അങ്ങേയ്ക്കുള്ളതല്ല, പ്രഥമ വനിതയ്ക്കുള്ളതാണ്."ട്രപും കേട്ട് നിന്ന മാധ്യമ പ്രവർത്തകരും പൊട്ടിച്ചിരിച്ചു.
മെലാനിയ (55) ജനിച്ചു വളർന്നത് കിഴക്കൻ യൂറോപ്പിൽ പഴയ യുഗോസ്ലാവിയയിലാണ്. 1990കളിൽ ആ രാജ്യം തകർന്നപ്പോൾ അവർ യുഎസിലേക്ക് നീങ്ങി മോഡലിം ഗ് ആരംഭിച്ചു.