അഫ്ഗാനിസ്ഥാന്‍കാരെ നാടുകടത്തണമെന്നാവശ്യപ്പെട്ട് അയര്‍ലണ്ടടക്കം 20 യൂറോപ്യന്‍ രാജ്യങ്ങള്‍

New Update
Ggg

ബ്രസല്‍സ്: നിയമവിരുദ്ധമായി താമസിക്കുന്നവരെയും ശിക്ഷിക്കപ്പെട്ട കുറ്റവാളികളുമായ അഫ്ഗാനിസ്ഥാന്‍കാരെ പുറത്താക്കാന്‍ നടപടിയാവശ്യപ്പെട്ട് 20 യൂറോപ്യന്‍ രാജ്യങ്ങള്‍. അയര്‍ലണ്ടടക്കമുള്ള 19 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും നോര്‍വേയുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഇ യു കമ്മീഷന്റെ ആഭ്യന്തര കാര്യ, മൈഗ്രേഷന്‍ കമ്മീഷണര്‍ മാഗ്നസ് ബ്രണ്ണര്‍ക്ക് കത്ത് നല്‍കിയത്.

Advertisment

ബെല്‍ജിയത്തിന്റെ മൈഗ്രേഷന്‍ മന്ത്രി അന്നലീന്‍ വാന്‍ ബോസുയ്റ്റ് ഇക്കാര്യം സ്ഥിരീകരിച്ചു. അനധികൃതമായി താമസിക്കുന്ന അഫ്ഗാന്‍കാര്‍ സ്വമേധയാ പുറത്തുപോകണമെന്നും അല്ലെങ്കില്‍ ബലം പ്രയോഗിച്ച് നാടുകടത്തണമെന്നുമാണ് കത്തിലെ ആവശ്യം.

ബെല്‍ജിയത്തിന്റെ മൈഗ്രേഷന്‍ മന്ത്രി അന്നലീന്‍ വാന്‍ ബോസുയിറ്റ് നേതൃത്വത്തിലുള്ള ഈ നീക്കത്തിന് യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളും നോര്‍വേയും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, അയര്‍ലന്‍ഡ്, ഇറ്റലി, ലിത്വാനിയ, ലക്സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്‍ഡ്‌സ്, പോളണ്ട്, സ്ലൊവാക്യ, സ്വീഡന്‍ എന്നീ ഇ യു രാജ്യങ്ങളാണ് ഈ നീക്കത്തിന് പിന്നില്‍.

2021ല്‍ താലിബാന്‍ ഏറ്റെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനുമായി ഫോര്‍മല്‍ റിട്ടേണ്‍ കരാര്‍ നിലവിലില്ല. അതിനാല്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരെപ്പോലും നാടുകടത്താന്‍ കഴിയുന്നില്ല. ഇത് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. അസൈലം പോളിസിയില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണിതെന്നും കത്തില്‍ പറയുന്നു.

ഇതിനായി ഇ യു കമ്മീഷന്‍, ഇ ഇ എ എസ്, ബന്ധപ്പെട്ട അംഗരാജ്യങ്ങള്‍ എന്നിവയുടെ സംയുക്ത ദൗത്യമുണ്ടാകണം.

2021ല്‍ കാബൂളിന്റെ പതനത്തിനുശേഷം താലിബാനെ അഫ്ഗാനിസ്ഥാന്റെ നിയമാനുസൃത സര്‍ക്കാരായി അംഗീകരിച്ച ഏക രാജ്യം റഷ്യയാണ്. ഫ്രെഡറിക് മെര്‍സിന്റെ നേതൃത്വത്തിലുള്ള ജര്‍മ്മനിയിലെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ അഫ്ഗാനികളുടെ റിട്ടേണ്‍ സംബന്ധിച്ച് താലിബാനുമായുള്ള കരാര്‍ അവസാനിപ്പിച്ചു.ഇതിന്റെ ഭാഗമായി ജൂലൈയില്‍ 81 അഫ്ഗാനികളെ ജര്‍മ്മനി നാടുകടത്തിയിരുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഈ വഴി പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജര്‍മ്മനിയുടെ നടപടിയെ യു എന്‍ വിമര്‍ശിച്ചിരുന്നു, അഫ്ഗാനിസ്ഥാന്‍ ഇപ്പോഴും നോണ്‍ റിട്ടേണ്‍ അഡ് വൈസറിയിലാണെന്ന് യു എന്‍ അഭയാര്‍ത്ഥി ഏജന്‍സി വക്താവ് രവീന ഷംദാസാനി പറഞ്ഞു.

Advertisment