ഗൂഗിളിന് റഷ്യ ചുമത്തിയ പിഴ തുക കേട്ട് കണ്ണുതള്ളിയിരിക്കുകയാണ് ലോകം. 20 ഡെസില്യണ്‍ ഡോളര്‍ (അതായത് 2 ശേഷം 34 പൂജ്യം) ആണ് പിഴത്തുക. ഈ തുക പലരും ആദ്യമായാണ് കേള്‍ക്കുന്നത്. നിലവിലുള്ള എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും മറികടക്കാന്‍ പോരുന്ന തുകയാണിത്.
2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് ആല്‍ഫാബൈറ്റ്. ഏകദേശം രണ്ട് ട്രില്യണ്‍ ഡോളറാണ് ഗൂഗിളിന്‍റെ ഇപ്പോഴത്തെ ആസ്ഥി. എന്നാല്‍ ലോകത്തെ മൊത്തം കറന്‍സിയും സ്വത്തും ചേര്‍ത്താല്‍ പോലും ഈ തുക കണ്ടെത്താനാവില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്‍റെ ഉടമസ്ഥതയിലുള്ള യൂടൂബ് ചാനലിനെതിരേയാണ് അഭൂതപൂര്‍വമായ പിഴ ചുമത്തിയിരിക്കുന്നത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് മറുപടിയായി റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന മീഡിയ ചാനലുകളെ തടയാനുള്ള പ്ളാറ്റ്ഫോമിന്‍റെ തീരുമാനത്തിനെതിരേയാണ് പിഴ ചുമത്തിയത്.
ദേശീയ പ്രക്ഷേപണ നിയമങ്ങള്‍ ഗൂഗിള്‍ ലംഘിച്ചുവെന്ന റഷ്യന്‍ കോടതി വിധിയെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസക്കാലയളവില്‍ ഈ ചാനലുകള്‍ യൂട്യൂബ് പുനസ്ഥാപിച്ചില്ലെങ്കില്‍ ദിവസവും ഈ തുക ഇരട്ടിയാവുമെന്നും വിധിയില്‍ പറയുന്നു.