Advertisment

കാനഡയില്‍ 70,000 വിദേശ വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നു

New Update
fygujghjuhgjuhj

ഒട്ടാവ: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എഴുപതിനായിരത്തോളം വിദേശ വിദ്യാര്‍ഥികള്‍ കാനഡയില്‍നിന്നു നാടുകടത്തപ്പെടുന്ന ഭീതിയില്‍. കുടിയേറ്റ നയങ്ങളില്‍ കാനഡ ഭരണകൂടം നടപ്പാക്കിയ സമൂല മാറ്റമാണ് ഈ ആശങ്കയ്ക്ക് അടിസ്ഥാനം. സ്ററഡി പെര്‍മിറ്റ് പരിമിതപ്പെടുത്തിയതും സ്ഥിരതാമസത്തിനുള്ള അനുമതി വെട്ടിക്കുറച്ചതുമാണ് തിരിച്ചടിയായിരിക്കുന്നത്.



വര്‍ക്ക് പെര്‍മിറ്റ് അവസാനിക്കുന്നതോടെ ഈ വര്‍ഷാവസാനം നിരവധി ബിരുദധാരികള്‍ സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങാന്‍ നിര്‍ബന്ധിതരാകും. സ്ഥിരതാമസ അപേക്ഷകളില്‍ 25 ശതമാനം കുറവ് വരുത്തിയതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.



കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് കാനഡയില്‍ ആകെയുള്ള വിദ്യാര്‍ഥികളില്‍ 37 ശതമാനവും വിദേശികളാണ്. 2022ല്‍ 5.51 ലക്ഷം വിദേശ വിദ്യാര്‍ഥികളാണ് കാനഡയിലെത്തിയത്. അതില്‍തന്നെ 2.264 ലക്ഷം പേരും (41 ശതമാനം) ഇന്ത്യക്കാരാണ്.



ഇന്ത്യ കഴിഞ്ഞാല്‍ ചൈന, ഫിലിപൈ്പന്‍സ്, ഫ്രാന്‍സ്, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ വിദ്യാര്‍ഥികളെത്തുന്നത്. പത്ത് ലക്ഷത്തോളം ഇന്ത്യക്കാരാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പഠനാവശ്യങ്ങള്‍ക്കായി മാത്രം കാനഡയില്‍ എത്തിയത്. 2022 ഡിസംബര്‍ 31~ലെ കണക്കനുസരിച്ച് 3.19 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാനഡയിലുണ്ട്.



രാജ്യത്തെ ഹൗസിങ്, ഹെല്‍ത്ത് കെയര്‍ മേഖലകള്‍ അടക്കമുള്ളവയ്ക്കു മേല്‍ ഇത്രയധികം വിദേശികളുടെ സാന്നിധ്യം വലിയ സമ്മര്‍ദമുണ്ടാക്കുന്നു എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നയം മാറ്റം. അടുത്ത രണ്ട് വര്‍ഷത്തേക്ക് വിദേശ വിദ്യാര്‍ഥികളുടെ സ്ററഡി പെര്‍മിറ്റ് അപേക്ഷകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.



പരിധി നിശ്ചയിക്കുന്നതോടെ 2024~ല്‍ ഏകദേശം 3,60,000 അംഗീകൃത സ്ററഡി പെര്‍മിറ്റുകള്‍ മാത്രമായിരിക്കും നല്‍കുക. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 35 ശതമാനം കുറവാണിത്. എട്ട് ലക്ഷത്തോളം അപേക്ഷകളാണ് (ബാക്ക്ലോഗ്) നിലവില്‍ പരിഗണനയിലുള്ളത്.



ജോലിയും സ്ഥിരതാമസവും ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് ഏറെ നിര്‍ണായകമായിരുന്നു. കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ എണ്ണവും വെട്ടിക്കുറയ്ക്കും. കാനഡയില്‍ താല്‍കാലികമായി താമസിക്കുന്നവര്‍ രാജ്യത്തിന് പുറത്തുപോയി വീണ്ടും പഠനത്തിനും ജോലിക്കും അപേക്ഷിക്കുന്നത് തടയാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.



കനേഡിയന്‍ ഭരണകൂടത്തിനെതിരേ വന്‍ പ്രതിഷേധവുമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിക്കഴിഞ്ഞു. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് പ്രവിശ്യയിലെ നിയമനിര്‍മാണ സഭയ്ക്ക് മുന്നിലടക്കം നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കഴിഞ്ഞദിവസം പ്രതിഷേധവുമായി എത്തിയത്. ഒണ്‍ടാറിയോ, മാനിട്ടോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ മേഖലകളിലും സമാനമായ വിധത്തില്‍ പ്രതിഷേധം അരങ്ങേറുന്നു.

Advertisment