യു കെ: നീണ്ട ക്യുവും കനത്ത ടിക്കറ്റ് ചാർജുകളും മനം മടുപ്പിക്കുന്ന യാത്രക്കാർക്ക്, എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസിൽ നിന്നും സന്തോഷകരമായ വാർത്ത എത്തുന്നു.
'എക്‌സ്‌പ്രസ് ലൈറ്റ് 'എന്നു പേരിട്ട പുതിയ സ്കീം അനുസരിച്ച്, ചെക്ക് - ഇൻ ബാഗേജില്ലാതെ യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ എയർ ഇന്ത്യ എക്സ്പ്രസ്സ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകും. സാധാരണ നിരക്കിനേക്കാൾ സ്‌പെഷ്യൽ ഡിസ്‌കൗണ്ടിലാകും ഇത്തരത്തിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് ലഭിക്കുക.
വിമാനത്താവളങ്ങളിലെ നീണ്ട ചെക്ക് - ഇൻ ക്യൂവും അതോടൊപ്പം ഉടലെടുക്കുന്ന കാലതാമസവും ഒഴിവാക്കാനാണ് പുതിയ നടപടിയെന്നു അധികൃതർ അറിയിച്ചു. ചൊവ്വാഴ്‌ച പ്രഖ്യാപിച്ച 'എക്‌സ്‌പ്രസ് ലൈറ്റ് ' സ്കീം നിലവിൽ വരുന്നത്തോടെ, കൗണ്ടറുകളിലും ബാഗേജ് ബെൽറ്റുകളിലും തുടർക്കഥയാകുന്ന ക്യൂ ഒഴിവാകും.
/sathyam/media/media_files/3fGSkdIN2LILZMsFSX7V.jpg)
ബാഗേജ് അലവൻസുകളുടെ കാര്യമെടുത്താൽ, മൂന്ന് കിലോഗ്രാം അധികം ക്യാബിൻ ബാഗേജ് അലവൻസ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരത്തിന് പുറമെ, +15 കിലോഗ്രാം, +20 കിലോഗ്രാം ചെക്ക് - ഇൻ ബാഗേജ് അലവൻസുകൾക്കായി മുൻകൂട്ടി ബുക്ക് ചെയ്‌ത നിരക്കുകളിലും ഗണ്യമായ കിഴിവ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സംവിധാനം അനുസരിച്ച്, യാത്രക്കാർക്ക് പിന്നീട് ചെക്ക് - ഇൻ ബാഗേജ് ആവശ്യമുണ്ടെങ്കിൽ, അവർക്ക്, 15 കിലോഗ്രാം, 20 കിലോഗ്രാം അധിക ബാഗേജ് സ്ലാബിന് ഡിസ്കൗണ്ട് നിരക്കിൽ, 'ചെക്ക്-ഇൻ ബാഗേജ്' അലവൻസുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
എയർപോർട്ടിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് കൗണ്ടറുകളിൽ നിന്ന് യാത്രക്കാർക്ക് ഈ പുതിയ ചെക്ക് - ഇൻ ബാഗേജ് സേവനങ്ങൾ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.
ആഴ്‌ചയിൽ ഒന്നുവീതം സർവീസുകളാണ് കൊച്ചിയിൽ നിന്നും നേരിട്ട് ലണ്ടനിലേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രെസ്സിന് നിലവിലുള്ളത്. ഇതിനുപുറമെ, ഗൾഫ് വഴിയും മുംബൈ വഴിയും കണക്ഷൻ ഫ്‌ളൈറ്റുകളുമുണ്ട്. പുതിയ ഓഫറുകൾ ഈ സർവീസുകളിലെല്ലാം ലഭ്യമാകും.
/sathyam/media/media_files/0LwSxYmctXKcVJ0dyWbi.jpg)
ടാറ്റ കമ്പനിയുടെ നേതൃത്വത്തിലുള്ള എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസിന് നിലവിൽ 65 വിമാനങ്ങളുണ്ട്. നിരവധി ആഭ്യന്തര വിമാനത്താവളങ്ങളെയും യു കെയിലെ ലണ്ടനും മാഞ്ചെസ്റ്ററും അടക്കമുള്ള 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ഇത് ബന്ധിപ്പിക്കുന്നു.
എയർ ഇന്ത്യ എക്സ്പ്രെസ്സിന് നിലവിൽ കൂടുതൽ സർവീസുകളുള്ളത് ഗൾഫ് രാജ്യങ്ങളിലേക്കാണ്. വേനലവധി ആയതോടെ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളിൽ ഇപ്പോൾ തിരക്ക് കൂടിയിട്ടുണ്ട്. അതുപോലെ ഓഫ് സീസൺ അപേക്ഷിച്ച് ടിക്കറ്റ് നിരക്കിലും വർദ്ധനവുണ്ട്.
മുൻകൂട്ടി ബുക്കുചെയ്‌തിട്ടുള്ള യാത്രക്കാർക്കും പുതിയ സ്കീമിന്റെ ഗുണഭോക്താക്കളാകാൻ അവസരം ഉണ്ട്. ഇതിനായി അവർ കമ്പനിയെ ബന്ധപ്പെടണം. ഓഫറുകൾ പ്രാബല്യത്തിൽ വരുന്ന ദിവസത്തിനനുസൃതമായി യാത്രകൾ ക്രമീകരിക്കേണ്ടി വരും എന്ന് മാത്രം.
/sathyam/media/media_files/b65SaRAPXWd1kpGBwSPs.jpg)
പുതിയ ഓഫറുകളും ടിക്കറ്റ് നിരക്കുകളും അതിനുള്ള നിയമമാറ്റങ്ങളും വിശദമായി അറിയാൻ ബുക്കിങ് ഏജന്റിനെയോ അല്ലെങ്കിൽ കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെട്ട് വ്യക്തത വരുത്തേണ്ടതാണ്.