/sathyam/media/media_files/2025/12/24/t-2025-12-24-04-19-26.jpg)
കോപ്പന്‍ഗേഹന്‍ : ഗ്രീന്‍ലാന്റ് പിടിച്ചെടുക്കാനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിഷേധമറിയിച്ച് ഡെന്മാര്‍ക്ക്. ഗ്രീന്‍ലാന്റ്ിലേക്ക് പ്രത്യേക ദൂതനെ നിയമിച്ചതിനെതിരെ യു എസ് അംബാസഡറെ ഡെന്‍മാര്‍ക്ക് വിദേശകാര്യ വകുപ്പ് വിളിച്ചുവരുത്തി. ഡെന്മാര്‍ക്കിന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്ന മുന്നറിയിപ്പും ഇദ്ദേഹം വാഷിംഗ്ടണിന് നല്‍കി.അതിനിടെ ഡെന്‍മാര്‍ക്കിന് പൂര്‍ണ്ണ ഐക്യദാര്‍ഢ്യമറിയിച്ച് യൂറോപ്യന്‍ യൂണിയനും രംഗത്തുവന്നു.ദൂതന്റെ നിയമനവും ഇരു കൂട്ടരുടെയും ഇതു സംബന്ധിച്ച പ്രസ്താവനകളും തികച്ചും അസ്വീകാര്യമാണെന്ന് ഡാനിഷ് വിദേശകാര്യ മന്ത്രി പ്രസ്താവിച്ചു.ഇതിന് പിന്നാലെയാണ് യു എസ് അംബാസഡറെ ഗ്രീന്‍ലാന്‍ഡ് പ്രതിനിധിയോടൊപ്പം വിളിച്ചുവരുത്തിയത്.
ജനുവരിയിലാരംഭിച്ച ട്രംപിന്റെ പണി
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതു മുതല്‍ ഗ്രീന്‍ലാന്‍ഡിനെ ഏതുവിധേനയും നിയന്ത്രിക്കാനുള്ള തന്റെ അഭിലാഷം ട്രംപ് ആവര്‍ത്തിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് ട്രംപ് ലൂസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രിയെ ഗ്രീന്‍ലാന്‍ഡിലേക്കുള്ള പ്രത്യേക ദൂതനായി നിയമിച്ചത്.ഈ നീക്കത്തില്‍ അതിശക്തമായ രോഷമുണ്ടെന്ന് ഡാനിഷ് വിദേശകാര്യ മന്ത്രി ലാര്‍സ് ലോക്കെ റാസ്മുസ്സെന്‍ പറഞ്ഞു.
ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് എത്രത്തോളം അനിവാര്യമാണെന്ന് ലാന്‍ഡ്രിക്ക് മനസ്സിലായെന്നും ട്രംപ് ട്രൂത്തില്‍ കുറിച്ചു. സഖ്യകക്ഷികളുടെയും ലോകത്തിന്റെയും സുരക്ഷയ്ക്കും നിലനില്‍പ്പിനും ഇതനിവാര്യമാണെന്നും ട്രംപ് വ്യക്തമാക്കി. ഗ്രീന്‍ലാന്‍ഡിനെ യു എസിന്റെ ഭാഗമാക്കാനായി വോളന്റിയര്‍ പദവിയില്‍ സേവനം നല്‍കാന്‍ കഴിയുന്നത് വലിയ ബഹുമതിയാണെന്ന് ലാന്‍ഡ്രി പ്രതികരിച്ചു.
ഗ്രീന്‍ലാന്‍ഡ് ഗ്രീന്‍ലാന്‍ഡുകാര്‍ക്കുള്ളതാണ്
മറ്റൊരു രാജ്യത്തേയും കൂട്ടിച്ചേര്‍ക്കാനാവില്ലെന്ന് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് നീല്‍സണും ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സണും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.സംയുക്ത പ്രദേശിക സമഗ്രതയോടുള്ള ബഹുമാനം പ്രതീക്ഷിക്കുന്നതായി ഇരുവരും പറഞ്ഞു.യു എസ് പ്രത്യേക ദൂതന്റെ നിയമനം ഗ്രീന്‍ലാന്‍ഡുകാര്‍ക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് നീല്‍സണ്‍ പറഞ്ഞു. ഗ്രീന്‍ലാന്‍ഡ് ഗ്രീന്‍ലാന്‍ഡുകാര്‍ക്കുള്ളതാണ്-നീല്‍സണ്‍ വ്യക്തമാക്കി.ദ്വീപ് വില്‍പ്പനയ്ക്കുള്ളതല്ലെന്നും സ്വന്തം ഭാവി തീരുമാനിക്കുമെന്നും ഡെന്‍മാര്‍ക്കിലെയും ഗ്രീന്‍ലാന്‍ഡിലെയും നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.
അടിസ്ഥാന തത്വങ്ങള്‍ എല്ലാവര്‍ക്കും ബാധകമെന്ന് ഇ യു
പ്രദേശിക സമഗ്രതയും പരമാധികാരവും അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും വ്യക്തമാക്കി. ഈ തത്വം യൂറോപ്യന്‍ യൂണിയന് മാത്രമല്ല, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ്. ഡെന്‍മാര്‍ക്കിനോടും ഗ്രീന്‍ലാന്‍ഡിലെ ജനങ്ങളോടും പൂര്‍ണ്ണ ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും ഇരുവരും പ്രഖ്യാപിച്ചു.
യുഎസിന്റെ വിശ്വസ്തനായിട്ടും…
ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ ദൃഢനിശ്ചയം, അഫ്ഗാനിസ്ഥാനിലും ഇറാഖിലും യു എസിനൊപ്പം പോരാടിയ നാറ്റോയിലെ സഹ അംഗം കൂടിയായ ഡെന്‍മാര്‍ക്കിനെ ഞെട്ടിച്ചു. ജനുവരിയില്‍, ആര്‍ട്ടിക് മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് 2.0 ബില്യണ്‍ ഡോളറിന്റെ പദ്ധതി കോപ്പന്‍ഹേഗന്‍ പ്രഖ്യാപിച്ചിരുന്നു.
ഗ്രീന്‍ലാന്‍ഡിലെ 57,000 ആളുകളില്‍ ഭൂരിഭാഗവും ഡെന്‍മാര്‍ക്കില്‍ നിന്ന് സ്വതന്ത്രരാകാന്‍ ആഗ്രഹിക്കുന്നവരാണെന്ന് ജനുവരിയില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ തെളിഞ്ഞിരുന്നു. പക്ഷേ അമേരിക്കയുടെ ഭാഗമാകാന്‍ ഇവര്‍ ആഗ്രഹിക്കുന്നുമില്ലെന്നും വ്യക്തമായിരുന്നു.
ഗ്രീന്‍ലാന്‍ഡിനോടുള്ള അമേരിക്കയുടെ ശക്തമായ താല്‍പര്യത്തിന് പിന്നിലെ കാരണങ്ങള്‍ :
തന്ത്രപ്രധാനമായ ഭൂമിശാസ്ത്ര സ്ഥാനം
ഗ്രീന്‍ലാന്‍ഡ് ആര്‍ക്ടിക് മേഖലയിലാണ്. യൂറോപ്പ്‌വടക്കേ അമേരിക്ക ഇടയിലെ വിമാന/സൈനിക മാര്‍ഗങ്ങളില്‍ ഇത് നിര്‍ണായകമാണ്.
സൈനിക പ്രാധാന്യം
ഗ്രീന്‍ലാന്‍ഡില്‍ (ഡെന്‍മാര്‍ക്കിന്റെ അനുമതിയോടെ) അമേരിക്കയ്ക്ക് തുലെ സ്പേസ് ബേസ് പോലുള്ള സൈനിക സംവിധാനങ്ങള്‍ ഉണ്ട്. മിസൈല്‍ മുന്നറിയിപ്പ്, ബഹിരാകാശ നിരീക്ഷണം തുടങ്ങിയവയ്ക്ക് ഇത് ഉപയോഗിക്കുന്നു.
ആര്‍ക്ടിക് മേഖലയില്‍ സ്വാധീനം
കാലാവസ്ഥാ മാറ്റം മൂലം ആര്‍ക്ടിക് പ്രദേശം കൂടുതല്‍ തുറക്കപ്പെടുന്നു. ഇതോടെ പുതിയ കടല്‍മാര്‍ഗങ്ങളും വിഭവങ്ങളും പ്രാധാന്യം നേടുന്നു. റഷ്യയും ചൈനയും അവിടെ സ്വാധീനം കൂട്ടാന്‍ ശ്രമിക്കുന്നതിനാല്‍, അമേരിക്കയും തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
ഖനിജവും പ്രകൃതി വിഭവങ്ങളും
ഗ്രീന്‍ലാന്‍ഡില്‍ റെയര്‍ എര്‍ത്ത് ധാതുക്കള്‍, എണ്ണ, വാതകം എന്നിവയുടെ സാധ്യതയുണ്ട്. ഇവ ആധുനിക സാങ്കേതികവിദ്യകള്‍ക്ക് (ബാറ്ററികള്‍, ഇലക്ട്രോണിക്‌സ്) നിര്‍ണായകമാണ്.
ചരിത്രപരമായ ശ്രമങ്ങള്‍
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പോലും അമേരിക്ക ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള ആശയം ഉന്നയിച്ചിട്ടുണ്ട് (ട്രംപ് 2019ല്‍ പറഞ്ഞത് പോലെ). എന്നാല്‍ ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും ഇത് തള്ളിക്കളഞ്ഞു.
എന്തായാലും പുതുവര്‍ഷം സംഘര്‍ഷ പൂരിതമാക്കാനുള്ള കത്തിയ്ക്ക് മൂര്‍ച്ഛ കൂട്ടുകയാണ് ട്രംപ് ഇപ്പോള്‍.ഒന്നിച്ചു നേരിടുമെന്ന് യൂറോപ്പ് തീരുമാനിച്ചാല്‍ സ്ഥിതി ഗുരുതരമാവും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us