ലണ്ടന്‍: യുക്രെയ്നില്‍ റഷ്യ അധിനിവേശം ആരംഭിച്ചതിനെത്തുടര്‍ന്ന് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍കരുതലായി വിന്യസിച്ചിരുന്ന ആയുധസന്നാഹങ്ങള്‍ അമേരിക്ക ഇസ്രയേലിനു മറിച്ചു നല്‍കിക്കൊണ്ടിരിക്കുന്നു. ഇവ ഗാസയില്‍ ഇസ്രയേല്‍ ധാരാളമായി പ്രയോഗിക്കുകയും ചെയ്തുവരുന്നു.
ഏറ്റവുമൊടുവില്‍ ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയില്‍ വരെ ഇത്തരം ആയുധങ്ങള്‍ പ്രയോഗിച്ചതായാണ് സൂചന. ലേസര്‍ ഗൈഡഡ് മിസൈലുകള്‍, 155 എം.എം ഷെല്ലുകള്‍, രാത്രി കാഴ്ച വ്യക്തമാക്കുന്ന ഉപകരണങ്ങള്‍, ബങ്കറുകള്‍ തകര്‍ക്കുന്നതിനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍, അത്യാധുനിക സൈനിക വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ അമേരിക്ക ഇസ്രയേലിനു നല്‍കിയിട്ടുണ്ട്.
ഇതില്‍ പലതും സൗജന്യമായാണ് കൈമാറിയിരിക്കുന്നത്. മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, ബോയിങ് കമ്പനി നല്‍കുന്ന സ്മാര്‍ട്ട് ബോംബുകള്‍ എന്നിങ്ങനെ പരസ്യമായി നല്‍കിയവ വേറെയും.
ലോക്ഹീഡ് മാര്‍ട്ടിന്‍ എന്ന അമേരിക്കന്‍ ആയുധഭീമന്‍ നിര്‍മിച്ച ഹെല്‍ഫയര്‍ ലേസര്‍ നിയന്ത്രിത മിസൈലുകള്‍ മാത്രം 2,000 എണ്ണമാണ് ഇസ്രായേലിലെത്തിച്ചത്. ജര്‍മനിയിലും ദക്ഷിണ കൊറിയയിലും വിന്യസിച്ചത് വരെ ഇസ്രായേലിലേക്ക് കൊണ്ടുവന്നുവെന്ന് സാരം. ഇസ്രായേല്‍ സേന ഉപയോഗിക്കുന്ന അപ്പാച്ചെ ഹെലികോപ്ടറുകള്‍ നിര്‍മിക്കുന്നത് അമേരിക്കന്‍ കമ്പനിയായ ബോയിങ് ആണ്.