Advertisment

ജര്‍മന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച് അമേരിക്കന്‍ പ്രസിഡന്റ്!

New Update
Tyhh

ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായിരുന്ന ആദ്യ ടേമാണ് യുദ്ധാനന്തര ചരിത്രത്തില്‍ ജര്‍മനി ~ യുഎസ് ബന്ധം ഏറ്റവും വഷളായിരുന്ന സമയം. രണ്ടാം ടേം അതിലും മോശമായിരിക്കുമെന്ന സൂചനകളാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ട്രംപ് നല്‍കിക്കൊണ്ടിരിക്കുന്നത്.

Advertisment

തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ ട്രംപ് ക്ഷണിച്ചില്ല എന്നതിനെക്കാള്‍ മര്യാദയില്ലാത്ത നടപടിയായിരുന്നു എ എഫ് ഡിയുടെ നേതാക്കളെ ക്ഷണിച്ചത്. ജര്‍മന്‍ പ്രതിപക്ഷ നേതാവ് ഫ്രെഡറിക് മെര്‍സിനു പോലും ക്ഷണം ലഭിക്കാത്തിടത്താണ് ഒരു തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ കുടിയേറ്റവിരുദ്ധ~മുസ്ളിം വിരുദ്ധ നേതാക്കളെ ക്ഷണിച്ചാനയിച്ചത്. എ എഫ് ഡിയെ പ്രശംസിക്കുന്നതില്‍ ട്രംപും ശിങ്കിടിയായ കോടീശ്വരന്‍ ഇലോണ്‍ മസ്കും ഒരു ലോപവും കാണിക്കാറുമില്ല.

യുഎസ് രാഷ്ട്രീയത്തിലെ ഡെമോക്രാറ്റിക് ~ റിപ്പബ്ളിക്കന്‍ ധ്രുവീകരണത്തിനപ്പുറത്തേക്ക് ശക്തമായൊരു വലതുപക്ഷ ലോബി തന്നെയാണ് ട്രംപിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നു വ്യക്തമാണ്. രാജ്യത്തിന്റെ ഭരണ നിയന്ത്രണം ഇവരുടെ കൈയിലായിരിക്കും. ലോകക്രമം തന്നെ തങ്ങളുടെ വരുതിയിലാക്കാന്‍ ഇവര്‍ ആവുന്നതൊക്കെ ചെയ്യുമെന്നും ഉറപ്പ്.

കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള ഉടമ്പടിയില്‍ നിന്നു പിന്‍മാറിയതും ലോകാരോഗ്യ സംഘടനയിലെ അംഗത്വം പിന്‍വലിച്ചതും യൂറോപ്യന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ പ്രഖ്യാപിക്കുന്നതും ഗ്രീന്‍ലാന്‍ഡും പനാമ കനാലും പിടിച്ചെടുക്കുമെന്നു ഭീഷണിപ്പെടുത്തുന്നതുമെല്ലാം ഇതിന്റെ തുടക്കം മാത്രം.

ജര്‍മനിയിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളില്‍ മിക്കവരും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസ് യുഎസ് പ്രസിഡന്റാകണം എന്നാഗ്രഹിച്ചവരാണ്. അതു തുറന്നു പറയാനും പലരും തയാറായിരുന്നു. എന്നാല്‍, എ എഫ് ഡി നേതാക്കള്‍ സ്വാഭാവികമായും ആശയപരമായി ട്രംപിനൊപ്പം നിലകൊണ്ടു. ഇതിനുള്ള നന്ദി പ്രകടനമായിരുന്നു, ''ജര്‍മനിയെ രക്ഷിക്കാന്‍ എ എഫ് ഡിക്കു മാത്രമേ സാധിക്കൂ'' എന്ന ഇലോണ്‍ മസ്കിന്റെ പ്രഖ്യാപനം.

ട്രംപിന്റെ നയങ്ങള്‍ ശക്തമായ ജര്‍മന്‍വിരുദ്ധ നിലപാടുകള്‍ ഉള്‍പ്പെടുന്നതാണെന്ന സന്ദേശം യുഎസിലെ ജര്‍മന്‍ അംബാസഡര്‍ ആന്‍ഡ്രിയാസ് മൈക്കേലിസ് ജര്‍മന്‍ വിദേശകാര്യ മന്ത്രി അനബെല്‍ ബെയര്‍ബോക്കിന് അയച്ചത് മാധ്യമങ്ങള്‍ ചോര്‍ത്തിയിരുന്നു. ഇതോടെ, കാര്യങ്ങള്‍ക്ക് ഒരു ഔപചാരിക സ്ഥിരീകരണം തന്നെയായി. ട്രംപിന്റെ നിലപാടുകള്‍ക്കെതിരേ യൂറോപ്പ് ഒറ്റക്കെട്ടായി പ്രതിരോധം ഉയര്‍ത്തണമെന്ന നിലപാടാണ് സി ഡി യു നേതാവ് ഫ്രെഡറിക് മെര്‍സ് സ്വീകരിച്ചിരിക്കുന്നത്. ട്രംപിനെ നേര്‍ക്കുനേര്‍ കാണുമെന്നും യൂറോപ്യന്‍ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.

Advertisment