/sathyam/media/media_files/2025/08/09/vcg-2025-08-09-04-22-50.jpg)
കൊമേഡിയനും നടനുമായ കപിൽ ശർമ്മയുടെ ഉടമസ്ഥതയിലുള്ള കാനഡയിലെ സറേയിലെ കാപ്‌സ് കഫേയിൽ വീണ്ടും വെടിവെപ്പ്. സംഭവത്തിന്റെ ഉത്തരവാദിത്തം ഗുണ്ടാസംഘം ഏറ്റെടുത്തതായി റിപ്പോർട്ട്. ജൂലൈ 10-ന് നടന്ന ആദ്യ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് വീണ്ടും വെടിവെപ്പുണ്ടാകുന്നത്.
അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗമായ ഗോൾഡി ധില്ലൻ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. "ഞങ്ങൾ ലക്ഷ്യമിട്ടയാളെ വിളിച്ചിരുന്നു, പക്ഷേ അയാൾ ഫോൺ എടുത്തില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു ആക്രമണം നടത്തേണ്ടി വന്നത്. ഇനിയും അയാൾ കോൾ എടുക്കുന്നില്ലെങ്കിൽ, അടുത്ത ആക്രമണം മുംബൈയിൽ ആയിരിക്കും," എന്ന് അക്രമികൾ ഭീഷണിപ്പെടുത്തുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. കഫേയ്ക്ക് നേരെ 25-ലധികം തവണ വെടിയുതിർത്തതായും അവർ അവകാശപ്പെടുന്നു.
ജൂലൈ 10-ന് നടന്ന ആദ്യ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ ഭീകരനായ ഹർജിത് സിംഗ് ലഡ്ഡി ഏറ്റെടുത്തതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരവാദിയാണ് ലഡ്ഡി. കനേഡിയൻ സർക്കാർ 'ബബ്ബർ ഖൽസ ഇന്റർനാഷണലിനെ' (ബി.കെ.ഐ.) ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. കാപ്‌സ് കഫേ അധികൃതർ ഈ ആക്രമണങ്ങളെ അപലപിച്ചു. സന്ദർശകർക്കായി 'സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും' ഇടമായി ഈ സ്ഥലം നിലനിർത്തുമെന്നും ഇത്തരം അക്രമങ്ങൾക്കെതിരെ ഉറച്ചുനിൽക്കുമെന്നും അവർ അറിയിച്ചു. മുംബൈ പോലീസും സുരക്ഷാ ഏജൻസികളും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.