Advertisment

എച്ച്ഐവിക്ക് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തു

New Update
vfr4444444444444445tyy

എയ്ഡ്സിനു കാരണമാകുന്ന ഹ്യൂമന്‍ ഇമ്യൂണോ വൈറസിനെ (എച്ച്ഐവി) പ്രതിരോധിക്കാന്‍ വികസിപ്പിച്ചെടുത്ത മരുന്നിന്റെ പരീക്ഷണം വിജയകരം. വര്‍ഷത്തില്‍ രണ്ടു കുത്തിവെയ്പ്പ് എടുത്താല്‍ എച്ച്ഐവി ബാധയില്‍നിന്ന് പൂര്‍ണ പ്രതിരോധം കൈവരിക്കാനാകുമെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലും യുഗാണ്ടയിലുമാണ് ലെനാകപവിര്‍ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്. രണ്ട് രാജ്യങ്ങളില്‍ മൂന്നിടങ്ങളിലായി നടത്തിയ പരീക്ഷണത്തില്‍ സ്ത്രീകള്‍ക്ക് ഈ മരുന്നിലൂടെ പൂര്‍ണസുരക്ഷയൊരുക്കുന്നതായി കണ്ടെത്തി. എച്ച്ഐവി ബാധ വളരെയധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിലാണ് പുതിയ മരുന്ന് പരീക്ഷണം നടത്തിയത്.

എച്ച്ഐവി അണുബാധ ഇല്ലാത്ത, എന്നാല്‍ എച്ച്.ഐ.വി അണുബാധക്ക് സാധ്യതയുള്ളവര്‍ക്ക് നല്‍കുന്ന പ്രീ~എക്സ്പോഷര്‍ പ്രൊഫൈലാക്സിസ് വിഭാഗത്തില്‍പ്പെടുന്ന മരുന്നാണിത്. ഗിലിയഡ് സയന്‍സസ് എന്ന അമേരിക്കന്‍ കമ്പനിയാണ് ഗവേഷണത്തിനുപിന്നില്‍. നിലവില്‍ രണ്ടുതരം ഗുളികകള്‍ ലോകത്തെമ്പാടും ഇത്തരത്തില്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഗുളിക നിത്യവും കഴിക്കേണ്ടതുണ്ട്. എന്നാല്‍, ചര്‍മത്തിനടിയില്‍ കുത്തിവെക്കുന്ന ലെനാകപവിര്‍ ഈ ഗുളികകളേക്കാള്‍ മികച്ച ഫലം നല്‍കുമെന്ന് ഗവേഷകര്‍ പറയുന്നു.

ലോകത്ത് ഒരുവര്‍ഷം 13 ലക്ഷം പേര്‍ക്കാണ് എച്ച്.ഐ.വി അണുബാധയുണ്ടാവുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

Advertisment