/sathyam/media/media_files/2025/04/12/bA6JbSDWxBxzDfnaGXFl.jpg)
സ്‌പെയിനില്‍ താറാവ് റോസ്റ്റ് എന്ന പേരില്‍ തെരുവില്‍ നിന്നും പിടിക്കുന്ന പ്രാവുകളെ വിളമ്പിയ ചൈനീസ് റസ്റ്ററന്റ് പൂട്ടിച്ച് അധികൃതര്‍. മഡ്രിഡിലെ ഉസ്റ ജില്ലയില്‍ പ്രവര്‍ത്തിച്ചുവന്ന ദി ജിൻ ഗു എന്ന റസ്റ്ററന്റാണ് തെരുവില്‍ നിന്നും പ്രാവുകളെ പിടികൂടിയ ശേഷം താറാവ് റോസ്റ്റ് എന്ന പേരില്‍ വിളമ്പി ആളുകളെ പറ്റിച്ചത്. മാത്രമല്ല വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് റസ്റ്ററന്റ് പ്രവര്‍ത്തിച്ചിരുന്നതെന്നും മാര്‍ച്ച് 25-ന് നടത്തിയ റെയ്ഡില്‍ കണ്ടെത്തി.
മികച്ച റിവ്യൂ ഉള്ള റസ്റ്ററന്റ് ആണെങ്കിലും ഇവിടെ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ നിരവധി ആളുകള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ക്ക് പരാതി ലഭിച്ചത്. തുടര്‍ന്ന് മഡ്രിഡ് മുനിസിപ്പല്‍ പൊലീസ് ഓഫീസര്‍മാര്‍ റസ്റ്ററന്റിലെത്തി നടത്തിയ പരിശോധനയില്‍ ഇവര്‍ പ്രാവുകളെ കഴിക്കാന്‍ വിളമ്പുന്നതായി കണ്ടെത്തി. ഒപ്പം 300 കിലോഗ്രാമോളം പഴകിയ ഭക്ഷണവും പാകം ചെയ്യുന്നതിനായി എത്തിച്ചതായി കണ്ടെത്തി. കേട് വന്ന ഫ്രീസറുകളില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക, തുരുമ്പ് പിടിച്ച ഉപകരണങ്ങള്‍ ഉപയോഗിക്കുക, വൃത്തിഹീനമായ അടുക്കള എന്നിവയ്‌ക്കൊപ്പം പാറ്റകളുടെയും, എലിക്കാഷ്ഠത്തിന്റെയും സാന്നിദ്ധ്യവും ഇവിടെ കണ്ടു.
സംരക്ഷിതജീവികളായ കടല്‍ വെള്ളരികള്‍ (സീ കുക്കുമ്പർ) അടക്കമുള്ളവയെ ഇവിടെ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് റസ്റ്ററന്റ് അടച്ചുപൂട്ടി. എന്നാല്‍ റസ്റ്ററന്റ് ഒഴിവ് ദിനത്തിന്റെ ഭാഗമായി അടച്ചുവെന്നാണ് ഉടമകള്‍ മുമ്പില്‍ വച്ചിരിക്കുന്ന ബോര്‍ഡ്.
അതേസമയം തങ്ങളാരും ഇവിടെ നിന്നും ഭക്ഷണം കഴിക്കാറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഉന്തുവണ്ടിയില്‍ ഭക്ഷണമെത്തിച്ച് വാതില്‍ക്കല്‍ തുറന്നുവയ്ക്കുന്നതായി ഇവിടെ കണ്ടിരുന്നുവെന്നും ഇവര്‍ പറയുന്നു.