റോം: വിദഗ്ധ തൊഴിലാളികളുടെ കാര്യത്തില്‍ കടുത്ത ക്ഷാമം നേരിടുന്ന ഇറ്റലിക്ക് പ്രതിസന്ധി പരിഹരിക്കാന്‍ വിദേശ കുടിയേറ്റക്കാരെ ആശ്രയിക്കേണ്ടി വരുമെന്ന് ബാങ്ക് ഓഫ് ഇറ്റലി.
2040 ആകുമ്പോഴേക്കും രാജ്യത്ത് 54 ലക്ഷം തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 8.2 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. യൂറോപ്യന്‍ വന്‍കരയില്‍ ഇത് വളരെ കൂടുതലാണെങ്കില്‍ പോലും, ഈ തൊഴില്‍രഹിതരെ മുഴുവന്‍ റിക്രൂട്ട് ചെയ്താലും രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ സാധിക്കില്ല.
തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവരുടെ കാര്യത്തില്‍ ജനസംഖ്യ ചുരുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിദേശികളെ രാജ്യത്ത് വിവിധ മേഖലകളില്‍ റിക്രൂട്ട് ചെയ്യണമെന്നാണ് ബാങ്ക് ഓഫ് ഇറ്റലി ഗവര്‍ണര്‍ ഫാബിയോ പെനേറ്റ നല്‍കിയിരിക്കുന്ന ശുപാര്‍ശ.
2040 വരെയുള്ള തൊഴിലാളി ക്ഷാമം കണക്കിലെടുക്കുമ്പോള്‍, പ്രതിവര്‍ഷം 1,70,000 വിദേശികളെ പുതിയതായി റിക്രൂട്ട് ചെയ്യേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
നിലവില്‍ 37 തൊഴില്‍ മേഖലകളാണ് ഇറ്റലിയില്‍ കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്നതായി കണ്ടെത്തിയിട്ടുള്ളത്. നിര്‍മാണം, ആരോഗ്യം, ഫുഡ് സര്‍വീസ്, ഐടി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.