ലണ്ടന്‍: വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‍റെ യു.കെ. സന്ദര്‍ശനത്തിനിടെ ഖലിസ്ഥാന്‍വാദികള്‍ പ്രതിഷേധിച്ച സംഭവത്തില്‍ അപലപിച്ച് ബ്രിട്ടന്‍. ബുധനാഴ്ച വൈകീട്ട് ലണ്ടനിലെ ചേഥം ഹൗസില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ജയശങ്കറിന് നേര്‍ക്ക് പ്രതിഷേധവുമായി ഖലിസ്ഥാന്‍ അനുകൂലികള്‍ എത്തുകയായിരുന്നു. വേദിക്ക് സമീപം ഒത്തുകൂടി ഖലിസ്ഥാന്‍ അനുകൂലികള്‍ മുദ്രാവാക്യം മുഴക്കുന്നതിന്‍റെ വീഡിയൊ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പരിപാടി കഴിഞ്ഞ് കാറിലേക്ക് കയറാനെത്തിയ ജയശങ്കറിന്‍റെ തൊട്ടടുത്തേക്ക് ഖലിസ്ഥാന്‍ അനുകൂലി പാഞ്ഞടുക്കുന്നുണ്ട്. ഇയാള്‍ വാഹനവ്യൂഹത്തെ തടയാന്‍ ശ്രമിച്ചു. സംഭവത്തില്‍ ആദ്യം ഇടപെടന്‍ ശ്രമിക്കാതെയിരുന്ന ലണ്ടന്‍ പൊലീസ് പിന്നീട് ഇയാളെയും മറ്റ് പ്രതിഷേധക്കാരെയും പിടിച്ചുമാറ്റുകയായിരുന്നു. ഇതോടെ ഇയാള്‍ കൈയിലുണ്ടായിരുന്ന ഇന്ത്യന്‍ ദേശീയ പതാക കീറി എറിയുകയായിരുന്നു.
ഈ സംഭവങ്ങളില്‍ ശക്തമായി അപലപിക്കുന്നെന്ന് യുകെ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സമാധാനപൂര്‍വമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്ന നിലപാടാണ് യു.കെയിലുള്ളതെങ്കിലും ഇത്തരത്തില്‍ ഭീഷണിപ്പെടുത്താനോ ഭയപ്പെടുത്താനോ അല്ലെങ്കില്‍ പൊതുപരിപാടികള്‍ തടസപ്പെടുത്താനോ ഉള്ള ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ല എന്നും പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും നേരത്തെ രംഗത്തെത്തിയിരുന്നു.