വന്‍കൂവര്‍: ബ്രിട്ടിഷ് കൊളംബിയയിലെ സറേയില്‍ കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച് സറേ പ്രവിശ്യാ കോടതി. വിദ്യാര്‍ത്ഥി വീസയില്‍ ഇന്ത്യയില്‍ നിന്നും കാനഡയിലെത്തിയ ഗഗന്‍പ്രീത് സിങ് (22), ജഗ്ദീപ് സിങ് (22) എന്നിവരെയാണ് ശിക്ഷിച്ചത്. ശിക്ഷാകാലാവധി അവസാനിക്കുമ്പോള്‍ ഇരുവരെയും നാടുകടത്തും.
2024 ജനുവരി 27-ന് പുലര്‍ച്ചെ, യൂണിവേഴ്‌സിറ്റി ഡ്രൈവില്‍ 104 അവന്യൂവിലെ ഇന്റര്‍സെക്ഷനിലാണ് അപകടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ഫോര്‍ഡ് മസ്റ്റാങ്ങ് കാര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ജഗ്ദീപ് സിങിന്റെ ഉടമസ്ഥതയിലുള്ള മസ്റ്റാങ്ങ് കാര്‍ ഗഗന്‍പ്രീത് സിങ് ആണ് ഓടിച്ചിരുന്നത്.
കാല്‍നടയാത്രക്കാരന്‍ വാഹനത്തിന്റെ അടിയില്‍ കുരുങ്ങി പോയതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് വാഹനത്തിനടിയില്‍ കുടുങ്ങിയ ആളുമായി 1.3 കിലോമീറ്റര്‍ ദൂരം കാര്‍ നിര്‍ത്താതെ സഞ്ചരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് പ്രതികള്‍ ഇരുവരും പുറത്തിറങ്ങി കാല്‍നടയാത്രക്കാരന്റെ മൃതദേഹം കാറിനടിയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. ബുധനാഴ്ചയാണ് പ്രവിശ്യാ കോടതി ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.