യൂറോ സ്വീകരിക്കുന്ന 21ാമത്തെ രാജ്യമായി ബള്‍ഗേറിയ

New Update
J

സോഫിയ: അനിശ്ചിതത്വത്തിനൊടുവില്‍ യൂറോ സ്വീകരിക്കുന്ന 21ാമത്തെ രാജ്യമായി ബ്ലാക്ക് സീ രാജ്യമായ ബള്‍ഗേറിയ മാറുന്നു. പുതുവര്‍ഷ ദിനത്തില്‍ രാജ്യം യൂറോ സോണിന്റെ ഭാഗമാകും. സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും പടിഞ്ഞാറുമായുള്ള ബന്ധം ശക്തിപ്പെടുത്താനും റഷ്യയുടെ സ്വാധീനത്തില്‍ നിന്ന് രക്ഷപ്പെടാനുമാണ് യൂറോയിലേയ്ക്കുള്ള രാജ്യത്തിന്റെ പരിവര്‍ത്തനം.

Advertisment

1990കളില്‍ പണപ്പെരുപ്പം രൂക്ഷമായതിനെ തുടര്‍ന്നാണ് ബള്‍ഗേറിയ അതിന്റെ കറന്‍സി ജര്‍മ്മന്‍ മാര്‍ക്കിലേക്കും പിന്നീട് യൂറോയിലേക്കും ബന്ധിപ്പിച്ചത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനെ (ഇസിബി) ആശ്രയിക്കാന്‍ ഇത് രാജ്യത്തെ നിര്‍ബന്ധിതമാക്കി.2007 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗമാണ് ബള്‍ഗേറിയ. 2020ല്‍ ക്രൊയേഷ്യയ്ക്കൊപ്പം സിംഗിള്‍ കറന്‍സിയിലേക്കുള്ള വെയിറ്റിംഗ് റൂമിലായിരുന്നു.

യൂറോ വിരുദ്ധതയില്‍ തീവ്ര വലതുപക്ഷ, റഷ്യ അനുകൂല പാര്‍ട്ടികള്‍ പിന്നിലാണെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ആളുകള്‍ പൊതുവില്‍ പുതിയ കറന്‍സിയെക്കുറിച്ച് ആശങ്കയുള്ളവരാണ്. വിലകള്‍ ഉയരുമെന്നാണ് ഇവരുടെ പ്രധാന ഭയം.ബള്‍ഗേറിയക്കാരില്‍ 49% പേരും സിംഗിള്‍ കറന്‍സിക്ക് എതിരാണെന്ന് യൂറോപ്യന്‍ യൂണിയന്റെ പോളിംഗ് ഏജന്‍സിയായ യൂറോബാരോമീറ്റര്‍ നടത്തിയ സര്‍വേ സൂചിപ്പിക്കുന്നു.

അതേ സമയം,യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ദരിദ്ര രാജ്യമെന്ന് വിലയിരുത്തപ്പെടുന്ന ബള്‍ഗേറിയയുടെ ഈ നീക്കം വിലക്കയറ്റത്തിനും അസ്ഥിരതയ്ക്കും കാരണമാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.വിലക്കയറ്റത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കയും യൂറോയെക്കുറിച്ച് പൊതുവെയുള്ള നിഷേധാത്മക സമീപനവും മുന്‍നിര്‍ത്തി ബള്‍ഗേറിയന്‍ ലെവ് നിലനിര്‍ത്താന്‍ ഈ വര്‍ഷം കാമ്പെയിനും നടന്നിരുന്നു.2002 ജനുവരി ഒന്നിനാണ് 12 രാജ്യങ്ങള്‍ ചേര്‍ന്ന് ഒറ്റ കറന്‍സി പുറത്തിറക്കിയത്. 2023ല്‍ ക്രൊയേഷ്യയാണ് അവസാനമായി ഗ്രൂപ്പില്‍ ചേര്‍ന്നത്.

വെല്ലുവിളികളില്‍ തുണയാകുമോ യൂറോ

അസാധാരണമായ വെല്ലുവിളികള്‍ നേരിടുന്ന രാജ്യമാണ് ബള്‍ഗേറിയ. അടുത്തിടെ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് തുടച്ചുനീക്കിയ അഴിമതി വിരുദ്ധ പ്രതിഷേധത്തിനും രാജ്യം സാക്ഷിയായി. അഞ്ച് വര്‍ഷത്തിനുള്ളില്‍ എട്ടാമത്തെ തിരഞ്ഞെടുപ്പാണ് രാജ്യത്ത് നടന്നത്.

കരിങ്കടല്‍ രാജ്യമായ ബള്‍ഗേറിയയുടെ പ്രതീക്ഷ ടൂറിസം മേഖലയിലാണ്.രാജ്യത്തിന്റെ ജി ഡി പിയുടെ 8%വും ടൂറിസത്തില്‍ നിന്നാണ്.പണപ്പെരുപ്പത്തില്‍ ബുദ്ധിമുട്ടുന്ന രാജ്യത്തെ ജനങ്ങള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്.നവംബറില്‍ ഭക്ഷ്യവിലകള്‍ 5% വര്‍ദ്ധിച്ചു.

യൂറോസോണ്‍ ശരാശരിയുടെ ഇരട്ടിയിലധികമാണിതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പറയുന്നു.വിലവര്‍ദ്ധനവ് തടയാനും യൂറോ മാറ്റവുമായി ബന്ധപ്പെട്ട അന്യായമായ മാറ്റങ്ങള്‍ നിയന്ത്രിക്കാനും പാര്‍ലമെന്റ് മേല്‍നോട്ട സമിതികളെ നിയോഗിച്ചിരുന്നു.

നാണയങ്ങള്‍ യൂറോയിലേയ്ക്ക് വഴിമാറും

ബള്‍ഗേറിയ സിംഗിള്‍ കറന്‍സിയില്‍ ചേരുന്ന വ്യാഴാഴ്ച മുതല്‍ പുരാതന റോക്ക് ആര്‍ട്ടിലുള്ള പേട്രണ്‍ സെയിന്റ്, മങ്ക് എന്നീ നാണയങ്ങളില്‍ യൂറോ ആലേഖനം ചെയ്യും.ബള്‍ഗേറിയ 1881ല്‍ സ്വീകരിച്ച കറന്‍സിയായ ലെവില്‍ ഇതിനകം തന്നെ മോട്ടിഫുകളുണ്ട്. സിംഹം എന്നര്‍ത്ഥമുള്ള പുരാതന പദത്തിന്റെ പേരിലാണ് ലെവ് അറിയപ്പെടുന്നത്.

എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സൃഷ്ടിക്കപ്പെട്ട ശിലാരൂപമായ മദാര റൈഡറാണ് ഒന്ന്, രണ്ട്, അഞ്ച്, 10, 20, 50 സെന്റ് നാണയങ്ങളിലുള്ളത്.

വടക്കുകിഴക്കന്‍ ബള്‍ഗേറിയയിലെ മദാര ഗ്രാമത്തിനടുത്തുള്ള പാറക്കെട്ടിലാണ് ഒരു കുതിര സിംഹത്തെ ജയിക്കുന്നതായി കാണിക്കുന്ന കലാസൃഷ്ടി കൊത്തിയിരിക്കുന്നത്. 1979 മുതല്‍ ഈ സ്ഥലം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ റില മൊണാസ്ട്രിയുടെ സ്ഥാപകനായ ബള്‍ഗേറിയന്‍ പേട്രണ്‍ വിശുദ്ധ റിലയിലെ ജോണ്‍ (സി. 876-946) ന്റെ ചിത്രമാണ് യൂറോ 1 നാണയത്തിലുള്ളത്. ഇദ്ദേഹം പര്‍വത നിരകളിലെ സന്യാസിയായിരുന്നെന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരത്തിന്റെ പൊള്ളയില്‍ താമസിച്ചിരുന്നെന്നും വിശ്വസിക്കുന്നു.

അതോസ് പര്‍വതത്തിലെ ഓര്‍ത്തഡോക്സ് മഠത്തിലെ സന്യാസിയായ ഹിലാന്‍ഡറിലെ പൈസിയസാണ് രണ്ടാമത്തെ നാണയത്തിലുള്ളത്.ഈ നാണയത്തില്‍ ദൈവം ബള്‍ഗേറിയയെ രക്ഷിക്കുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

അനന്യ നേട്ടമുണ്ടാകുമെന്ന് ഇ സി ബി

യൂറോയില്‍ ചേരുന്നതിന്റെ നേട്ടങ്ങള്‍ അനന്യമാണെന്ന് ഇസിബി പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡ് കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു.

സുഗമമായ വ്യാപാരം, കുറഞ്ഞ ചെലവുകള്‍, സ്ഥിരതയുള്ള വിലകള്‍ എന്നിവയാണ് പ്രധാന നേട്ടങ്ങളെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് 500 മില്യണ്‍ യൂറോയുടെ വിനിമയ ഫീസ് ലഭിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

യൂറോ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധര്‍ ഏറ്റെടുക്കുമെന്ന് യൂറോ നിരീക്ഷകരായ ആല്‍ഫ റിസര്‍ച്ച് പോളിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബോറിയാന ദിമിട്രോവ നിരീക്ഷിക്കുന്നു.

Advertisment