ഡിഗ്രി ഇല്ലാത്തവര്‍ക്ക് ജര്‍മനിയില്‍ ജോലി കിട്ടുമോ?

New Update
hbujhnih

യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തവര്‍ക്ക് ജര്‍മനിയില്‍ ജോലി കിട്ടുമോ എന്നു ചോദിച്ചാല്‍, കിട്ടും എന്നു തന്നെയാണ് ഉത്തരം. ഡിഗ്രിയില്ലാത്തവര്‍ക്കും വര്‍ഷങ്ങള്‍ നീളുന്ന കഠിന പരിശീലനമൊന്നും കൂടാതെ, നല്ല ശമ്പളത്തില്‍ ജര്‍മനിയില്‍ ചെയ്യാവുന്ന ജോലികളില്‍ ചിലത് പരിചയപ്പെടാം:

നല്ല വാക് സാമര്‍ഥ്യമുള്ളവര്‍ക്ക് ജര്‍മനിയില്‍ ചെയ്യാന്‍ പറ്റുന്ന ഒരു ജോലിയാണ് റിയല്‍ എസ്റ്റേറ്റ് ഏജന്റ്. പരസ്യം ചെയ്യുന്നതും ആവശ്യക്കാരെ വാങ്ങാനുള്ള സ്ഥലം പരിചയപ്പെടുത്തുന്നതും മുതല്‍, രേഖകള്‍ ശരിയാക്കുന്നതും പണം കൈമാറി ഇടപാട് പൂര്‍ത്തിയാക്കുന്നതും വരെയുള്ള വിശദാംശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനായി നിര്‍ദിഷ്ട യോഗ്യതകളോ പരിശീലന പരിപാടികളോ ഇല്ല. എന്നാല്‍, ജര്‍മനിയില്‍ ഈ ജോലി ചെയ്യാന്‍ ലൈസന്‍സ് എടുക്കണം. ഓരോ ഇടപാടിലും മൂന്നു മുതല്‍ ഏഴ് ശതമാനം വരെ കമ്മിഷന്‍ കിട്ടും.

ജര്‍മനിയില്‍ ട്രെയിന്‍ അടക്കമുള്ള പൊതു ഗതാഗത മാര്‍ഗങ്ങളിലെ ഡ്റൈവര്‍മാര്‍ നല്ല ശമ്പളം കിട്ടുന്നവരാണ്. ജര്‍മന്‍ ഭാഷയില്‍ ബി1 അല്ലെങ്കില്‍ ബി2 ലെവല്‍ പ്രാവീണ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിഗ്രി വേണ്ട. ഡ്റൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. ആറു മാസമാണ് പരിശീലനം. ഈ സമയത്തു പോലും 2800 യൂറോ വരെ മാസ ശമ്പളമുണ്ടാകും.

അതിനു ശേഷം ജോലി സ്ഥലം അടിസ്ഥാനമാക്കിയാണ് ശമ്പളം നിശ്ചയിക്കുക. ശരാശരി 40,000 യൂറോ പ്രതിവര്‍ഷം ലഭിക്കും. കൂടാതെ, രാത്രികാലങ്ങളിലും വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ജോലി ചെയ്യുന്നതിന് പ്രത്യേക ബോണസും. തൊഴിലാളി യൂണിയനുകളുടെ ശക്തമായ പിന്തുണയുള്ള മേഖല കൂടിയാണ് ഡ്റൈവര്‍മാരുടേത്.

പ്രതിമാസം ശരാശരി 5800 യൂറോ വരെ ശമ്പളം കിട്ടുന്ന ഐടി ജോലികള്‍ പലതും ഡിഗ്രി നിര്‍ബന്ധമില്ലാത്തതാണ്. പ്രോഗ്രാമിങ് സ്വന്തമായി പഠിച്ചവരെയും പരിഗണിക്കും. മൂന്നു മാസത്തെ ബൂട്ട്ക്യാംപുകള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ തുടക്കം മുതല്‍ നല്ല ശമ്പളം പ്രതീക്ഷിക്കാം. സി പ്ളസ്, പൈത്തണ്‍, റൂബി തുടങ്ങിയ പ്രോഗ്രാമര്‍മാര്‍ക്ക് ഇപ്പോള്‍ നല്ല ഡിമാന്‍ഡുമുണ്ട്.

കാര്‍പ്പന്റര്‍ ജോലിയാണ് മറ്റൊന്ന്. ഇതിന് സാധാരണഗതിയില്‍ ഒന്നോ രണ്ടോ വര്‍ഷത്തെ പരിശീലനം ആവശ്യമാണ്. എന്നാല്‍, തൊഴില്‍ പരിചയമില്ലാത്തവര്‍ക്കും ശമ്പളത്തോടെ തന്നെ അപ്രന്റീസായി ജോലിക്കു കയറാം. മതിയായ പരിശീലനം നേടിക്കഴിഞ്ഞാല്‍, കഴിവുള്ള കാര്‍പ്പന്റര്‍മാര്‍ക്ക് ജര്‍മനിയില്‍ അമ്പതിനായിരം യൂറോയ്ക്കു മുകളില്‍ വരെ പ്രതിവര്‍ഷ ശമ്പളം ലഭിക്കാന്‍ സാധ്യതയുണ്ട്.

അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ ജോലിയാണ് ഡിഗ്രി ഇല്ലാതെയും കിട്ടാവുന്ന മറ്റൊന്ന്. എന്നാല്‍, ഓരോ കമ്പനിക്കനുസരിച്ച് ഈ ജോലിയും വ്യത്യാസപ്പെട്ടിരിക്കും. ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നതും മെമ്മോകള്‍ വിതരണം ചെയ്യുന്നതും മുതല്‍, അപ്പോയിന്റ്മെന്റുകള്‍ ശരിയാക്കുന്നതും റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതും വരെ ഏതും ഉള്‍പ്പെടാം ജോലിയില്‍. നല്ല ആശയവിനിമയശേഷി അനിവാര്യമാണ്. വര്‍ഷം നാല്‍പ്പതിനായിരം യൂറോയ്ക്കു മുകളില്‍ ശമ്പളം കിട്ടും.

ബാങ്ക് ക്ളര്‍ക്കിന്റെ ജോലിക്കും ജര്‍മനിയില്‍ ഡിഗ്രി ആവശ്യമില്ല. പക്ഷേ, കണക്ക് അറിയണം. ഇടപാടുകാര്‍ക്ക് ഉപദേശങ്ങളും സഹായങ്ങളും ചെയ്യാനും ശേഷിയുള്ളവരായിരിക്കണം. ബാങ്ക് തന്നെ നല്‍കുന്ന പരിശീലനം പൂര്‍ത്തിയാക്കിയാണ് ജോലിക്കു കയറുക. ഡിഗ്രി വേണ്ടെങ്കിലും പ്രൊമോഷന്‍ സാധ്യതകളും ഉണ്ട്. ജര്‍മനിയില്‍ തൊഴിലാളിക്ഷാമം നേരിടുന്ന ഒരു മേഖല കൂടിയാണ് ബാങ്കിങ്. 45000 യൂറോയൊക്കെ തുടക്കത്തില്‍ തന്നെ പ്രതിവര്‍ഷ ശമ്പളവും ലഭിക്കും. പ്രൊമോഷന്‍ അനുസരിച്ച് ഇത് 75000 വരെ ഉയരുകയും ചെയ്യാം.

ഇവന്റ്സ് പ്ളാനറുടെ ജോലിയാണ് മറ്റൊന്ന്. വിവാഹങ്ങള്‍ മുതല്‍ കോര്‍പ്പറേറ്റ് പരിപാടികള്‍ വരെ നടത്തിക്കൊടുക്കുന്നതില്‍ സാമര്‍ഥ്യമുള്ളവര്‍ക്ക് പരീക്ഷിക്കാം. മികച്ച സംഘാടന ശേഷിയും ആശയവിനിമയ ചാതുരിയും അത്യാവശ്യമാണ്. വര്‍ഷം ഒരു ലക്ഷം യൂറോ വരെ ഇതിലൂടെ സമ്പാദിക്കുന്നവരുണ്ട്.

Advertisment