സിഖ് ഭീകരര്‍ക്ക് രാജ്യത്തുനിന്ന് പണം കിട്ടുന്നുണ്ടെന്നു സമ്മതിച്ച് ക്യാനഡ

New Update
Bbvv

ഒട്ടാവ: ഖാലിസ്ഥാന്‍ ഭീകര സംഘടനകള്‍ക്ക് രാജ്യത്തു നിന്നു സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് തുറന്നു സമ്മതിച്ച് ക്യാനഡ. ഏറ്റവും കുറഞ്ഞത് രണ്ടു ഭീകര സംഘടനകള്‍ക്ക് പണം ലഭിക്കുന്നുണ്ട്. ബബ്ബര്‍ ഖല്‍സ ഇന്‍റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷന്‍ എന്നിവയാണവയെന്നും കനേഡിയന്‍ ധനവകുപ്പിന്‍റെ റിപ്പോര്‍ട്ട്.

Advertisment

കനേഡിയന്‍ മണ്ണിലെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇതാദ്യമാണ് ക്യാനഡ തുറന്നു സമ്മതിക്കുന്നത്. സിഖ് ഭീകര സംഘടനകള്‍ക്കെതിരേ നടപടി വേണമെന്ന ഇന്ത്യയുടെ ആവശ്യം ക്യാനഡ ഇതുവരെ അംഗീകരിച്ചിരുന്നില്ല. ക്യാനഡയിലെ കള്ളപ്പണം വെളുപ്പിക്കലിന്‍റെയും ഭീകരതയ്ക്കു പണമെത്തുന്നതിന്‍റെയും 2025ലെ വിലയിരുത്തല്‍ എന്ന റിപ്പോര്‍ട്ടിലാണ് സുപ്രധാനമായ വെളിപ്പെടുത്തല്‍. ഇന്ത്യയെ വിഘടിപ്പിച്ച് പ്രത്യേക രാഷ്ട്രം രൂപീകരിക്കാന്‍ ഗ്രൂപ്പുകള്‍ അക്രമങ്ങള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്യാനഡയിലെ ക്രിമിനല്‍ കോഡില്‍ ലിസ്ററ് ചെയ്തിട്ടുള്ളതും രാഷ്ട്രീയമായി പ്രേരിതമായ അക്രമ, തീവ്രവാദ വിഭാഗത്തില്‍ പെടുന്നതുമായ ഹമാസ്, ഹിസ്ബുള്ള, ഖാലിസ്ഥാനി ഭീകരഗ്രൂപ്പുകളായ ബബ്ബര്‍ ഖല്‍സ ഇന്‍റര്‍നാഷണല്‍, ഇന്‍റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ എന്നിവയ്ക്ക് ക്യാനഡയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതായി പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും നിരീക്ഷിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ട് പറയുന്നു.

മുമ്പ് ഈ ഗ്രൂപ്പുകള്‍ക്ക് ക്യാനഡയില്‍ വിപുലമായ ഒരു ധനസമാഹരണ ശൃംഖല ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഈ ലക്ഷ്യത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന, സംഘടനകളുമായി നേരിട്ടു ബന്ധമില്ലാത്ത വ്യക്തികളിലൂടെയാണു ധനസമാഹരണം.

ഖാലിസ്ഥാനി തീവ്രവാദ ഗ്രൂപ്പുകള്‍ ചരിത്രപരമായി പ്രവാസി സമൂഹങ്ങളില്‍ നിന്ന് സംഭാവനകള്‍ അഭ്യര്‍ത്ഥിക്കുകയും ലാഭേച്ഛയില്ലാത്ത സംഘടനകള്‍ വഴി ഫണ്ട് സ്വരൂപിക്കുകയും ചെയ്തിട്ടുണ്ട്, എന്നിരുന്നാലും അത്തരം വരുമാനം അവരുടെ മൊത്തത്തിലുള്ള പ്രവര്‍ത്തന ബജറ്റിന്‍റെ ഒരു ചെറിയ ഭാഗം മാത്രമേയുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എംഎസ്ബി, ബാങ്കിങ് മേഖലകളുടെ ദുരുപയോഗം, ക്രിപ്റ്റോകറന്‍സികളുടെ ഉപയോഗം, സര്‍ക്കാര്‍ സഹായം, സേവന മേഖലഗകളുടെ ദുരുപയോഗം, ക്രിമിനല്‍ പ്രവര്‍ത്തനം എന്നിവ വഴിയെല്ലാം പണം സമാഹരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ഇന്ത്യാ വിരുദ്ധ ശക്തികളെ നിയന്ത്രിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോടു തുടര്‍ച്ചയായി മുഖം തിരിക്കുകയായിരുന്നു ക്യാനഡ. അതേസമയം, സിഖ് ഭീകരരുടെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണമുയര്‍ത്തുകയും ചെയ്തിരുന്നു. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന മുന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോയുടെ ആരോപണം നയതന്ത്ര ബന്ധം തകരാറിലാക്കിയിരുന്നു. ട്രൂഡോ പുറത്തായതിനുശേഷം ബന്ധം മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ക്യാനഡയുടെ കുറ്റസമ്മതം.

Advertisment