കനേഡിയന്‍ പൗരന്‍ ഫ്‌ളോറിഡയില്‍ മരിച്ച സംഭവം: ആശങ്ക അറിയിച്ച് മന്ത്രി, റിപ്പോര്‍ട്ട് തേടി

New Update
Hhhvfggg

ടൊറന്റോ: കനേഡിയന്‍ പൗരന്‍ ഫ്‌ളോറിഡയില്‍ മരിച്ച സംഭവത്തില്‍ ആശങ്ക അറിയിച്ച കനേഡിയന്‍ വിദേശകാര്യ മന്ത്രി അനീറ്റ ആനന്ദ്. മരണപ്പെട്ടയാള്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു.

Advertisment

യു.എസ്. ഡിറ്റന്‍ഷന്‍ സെന്ററുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നേരത്തെയും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സംഭവം യു.എസ്. ഇമ്മിഗ്രേഷന്‍ കസ്റ്റഡിയിലുള്ളവരുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്.

'യു.എസ്. അധികാരികളുമായി ഞങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്, കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. മരണപ്പെട്ടയാളുടെ കുടുംബത്തിന് കോണ്‍സുലാര്‍ സഹായം നല്‍കിവരുന്നുണ്ടെന്നും അനീറ്റ ആനന്ദ് പറഞ്ഞു

ഫ്‌ലോറിഡയില്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ (ഐസിഇ) കസ്റ്റഡിയിലിരിക്കെ ആണ് കനേഡിയന്‍ പൗരന്‍ ജോണി നോവിയല്ലോ (49) മരിച്ചത്. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി കാനഡ. മരണത്തെക്കുറിച്ചും അതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കാനഡ അമേരിക്കയോട് ആവശ്യപ്പെട്ടു.

ഐസിഇ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് അനുസരിച്ച്, ജൂണ്‍ 23-ന് ഉച്ചയ്ക്ക് 12:54-ഓടെയാണ് നോവിയല്ലോയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ബ്യൂറോ ഓഫ് പ്രിസണ്‍സ് ഫെഡറല്‍ ഡിറ്റന്‍ഷന്‍ സെന്ററിലെ മെഡിക്കല്‍ ജീവനക്കാര്‍ ഉടന്‍തന്നെ അടിയന്തര വൈദ്യസഹായം നല്‍കി. എന്നാല്‍, 40 മിനിറ്റിനുശേഷം മിയാമി ഫയര്‍ റെസ്‌ക്യൂ ഡിപ്പാര്‍ട്ട്മെന്റ് നോവിയല്ലോ മരിച്ചതായി പ്രഖ്യാപിച്ചു. മരണകാരണം സംബന്ധിച്ച് ഇപ്പോഴും അന്വേഷണം നടന്നുവരികയാണെന്ന് ഐസിഇ വ്യക്തമാക്കി.

1988-ല്‍ യുഎസിലെത്തിയ ജോണി നോവിയല്ലോ 1991-ല്‍ സ്ഥിര താമസക്കാരനായി. 2023-ല്‍, ഒന്നിലധികം മയക്കുമരുന്ന് കുറ്റങ്ങള്‍ക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 12 മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ജോണി നോവിയല്ലോയുടെ മരണത്തെക്കുറിച്ച് കാനഡ കോണ്‍സുലേറ്റിനെ അറിയിച്ചതായി ഐസിഇ റിപ്പോര്‍ട്ട് ചെയ്തു.

Advertisment