രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ കുറവ്: വീസ സമ്പ്രദായം പുനഃപരിശോധിക്കുമെന്ന് കനേഡിയന്‍ മന്ത്രി

New Update
Bsbznn

ടൊറന്റോ: രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ കുറവ് കാനഡയിലെ പല യൂണിവേഴ്‌സിറ്റികളുടേയും നിലനില്പിനെ ബാധിക്കുന്നു. ഇതുമൂലം വീസ സമ്പ്രദായം പുനഃപരിശോധിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ലെന ഡയാബ് വ്യക്തമാക്കി. വിദ്യാര്‍ത്ഥി വീസകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ആശങ്കകള്‍ കണക്കിലെടുത്താണ് നടപടി. പ്രതിവര്‍ഷം നടത്തുന്ന കൂടിയാലോചനകളുടെ ഭാഗമായി പ്രവിശ്യകള്‍, സര്‍വകലാശാലാ അധികൃതര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് യൂണിവേഴ്‌സിറ്റി അഫയേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

Advertisment

രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതോടെ രാജ്യത്തെ പല പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളും ഈ വര്‍ഷം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പലയിടത്തും ജീവനക്കാരെ പിരിച്ചുവിടുകയും പ്രോഗ്രാമുകള്‍ വെട്ടിക്കുറക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും വീസകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തിരുന്നു. താമസസൗകര്യവും മറ്റ് സേവനങ്ങളും നല്‍കി പിന്തുണക്കാന്‍ സാധിക്കുന്ന വിദ്യാര്‍ത്ഥികളെ മാത്രമേ സര്‍വകലാശാലകള്‍ പ്രവേശിപ്പിക്കാവൂ എന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ വക്താവ് അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ഉയര്‍ന്ന തൊഴിലില്ലായ്മയും ഭവനപ്രതിസന്ധിയും കണക്കിലെടുത്ത് രാജ്യാന്തര വിദ്യാര്‍ത്ഥി വീസകളുടെ എണ്ണത്തില്‍ ഉടനടി കുറവ് വരുത്തണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഇമിഗ്രേഷന്‍ വക്താവ് മിഷേല്‍ റെംപെല്‍ ഗാര്‍ണര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മെയ് മാസത്തെ കണക്കനുസരിച്ച്, വിദ്യാര്‍ത്ഥികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 20 ശതമാനമായി ഉയര്‍ന്നിരുന്നു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം കൂടുതലാണ്.

Advertisment