ബര്‍ലിന്‍: ജര്‍മനിയിലെ വീട്ടുടമകളെയും വാടകയ്ക്കു താമസിക്കുന്നവരെയും ബാധിക്കുന്ന നിരവധി സര്‍ക്കാര്‍ തീരുമാനങ്ങളാണ് പുതുവര്‍ഷത്തില്‍ നടപ്പാകുന്നത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ചിലത് ഇങ്ങനെ:
ഹൗസിങ് ബെനിഫിറ്റില്‍ 15 ശതമാനം വര്‍ധന വരുത്തും. അതായത്, കുറഞ്ഞ വരുമാനക്കാര്‍ക്ക് വാടക അടക്കമുള്ള വീട്ടുചെലവുകള്‍ക്കായി ശരാശരി 30 യൂറോ അധികമായി ലഭിക്കും.
രാജ്യത്തെ വിവാദമായ വസ്തു നികുതി പരിഷ്കരണം നടപ്പാകുകയാണ്. ഇതുപ്രകാരം, വസ്തുവിന്റെ മൂല്യം ഇപ്പോഴത്തെ വിപണി അവസ്ഥ അനുസരിച്ച് പരിഷ്കരിക്കുകയും അതനുസരിച്ച് ഉയര്‍ന്ന നികുതി ഈടാക്കുകയും ചെയ്യും.
ഓരോ മേഖലയിലും നടപ്പുള്ള വാടകയെക്കാള്‍ പത്ത് ശതമാനം അധികമായി ഈടാക്കുന്നതില്‍ നിന്ന് വീട്ടുടമകളെ തടയുന്നതാണ് മറ്റൊരു പരിഷ്കരണം. മൂന്ന് വര്‍ഷത്തിനിടെ വാടകയില്‍ ഇരുപത് ശതമാനത്തിലധികം വര്‍ധന വരുത്താനും അനുവദിക്കില്ല. ഇതു ലംഘിക്കുന്ന വീട്ടുടമകളില്‍ നിന്ന്, അധികമായി ഈടാക്കിയ തുക തിരിച്ചുപിടിക്കാന്‍ വാടകക്കാര്‍ക്കും അവകാശമുണ്ട്.
ആവശ്യത്തിന് വീടുകള്‍ ലഭ്യമല്ലാത്ത അവസ്ഥ പരിഹരിക്കാന്‍ നാല് ലക്ഷം വീടുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കില്‍ രണ്ടര ലക്ഷം മാത്രമേ ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ എന്നാണ് കണക്കാക്കുന്നത്. അതിനാല്‍, പ്രത്യേകിച്ച് നഗര മേഖലകളില്‍, വീട് കിട്ടാനുള്ള ബുദ്ധിമുട്ട് തുടരും.
2021ല്‍ ആരംഭിച്ച കാര്‍ബണ്‍ നികുതിയിലെ വര്‍ധനയാണ് മറ്റൊരു പ്രധാന മാറ്റം. ആദ്യ വര്‍ഷം, പുറന്തള്ളുന്ന ഓരോ ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡിനും 25 യൂറോ വീതമായിരുന്നു നികുതി. ഇത് ഈ വര്‍ഷം 55 യൂറോയാകും. വീടുകളില്‍ ചൂട് പകരുന്ന ഹീറ്ററുകള്‍ക്കും വൈദ്യുതിക്കും പരമ്പരാഗത ഇന്ധനം ഉപയോഗിക്കുന്നവര്‍ക്ക് ഇത് അധികച്ചെലവായിരിക്കും. ഒപ്പം, തടി കത്തിക്കുന്ന സ്ററൗവിന്റെ ഉപയോഗത്തിന് കടുത്ത നിയന്ത്രണവും വരും.
സ്മാര്‍ട്ട് മീറ്ററുകള്‍ നിര്‍ബന്ധിതമാക്കുന്നതിനുള്ള തീരുമാനവും ഈ വര്‍ഷമാണ് നടപ്പാകുന്നത്. പ്രതിവര്‍ഷം ആറായിരം കിലോ വാട്ട് അവര്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍, 2024 മുതല്‍ ഫോട്ടോവോള്‍ട്ടെയ്ക് സിസ്റ്റമോ ഹീറ്റ് പമ്പോ ഇവി ചാര്‍ജിങ് സ്റ്റേഷനോ ഇന്‍സ്റ്റോള്‍ ചെയ്തവര്‍ എന്നിവര്‍ക്കാണ് ഇതു നിര്‍ബന്ധമാക്കിയിരിക്കുന്നത്.
പലിശ നിരക്ക് കുറയുന്നതിനാല്‍, ഹൗസിങ് ലോണ്‍ എടുത്തവര്‍ക്ക് ചെറിയ ആശ്വാസം പ്രതീക്ഷിക്കാം. 3.6 ശതമാനമാണ് പത്ത് വര്‍ഷത്തെ ലോണിന് ഇപ്പോഴുള്ള പലിശ. ഇത് 3.2 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്.