ബക്കിംഗ്ഹാം: രോഗബാധിതനായ ചാൾസ് രാജാവ് അടുത്ത ആഴ്ച ചികിത്സക്കായി ആശുപത്രിയിൽ എത്തും. അദ്ദേഹത്തെ അലട്ടിക്കൊണ്ടിരിക്കുന്ന പോസ്ട്രേറ്റ് ഗ്രന്ഥിയുടെ വികാസം സംബന്ധമായ അസുഖത്തിനാണ് ചികിത്സ തേടുന്നത്.
രോഗലക്ഷണങ്ങളുള്ള മറ്റ് പുരുഷന്മാരെ പൊതുജനാരോഗ്യ ഉപദേശത്തിന് അനുസൃതമായി പരിശോധിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് രാജാവ് തന്റെ രോഗനിർണയ വിശദാംശങ്ങൾ പങ്കിടാൻ താൽപ്പര്യം പ്രകടിപ്പിച്ചത്.
എഴുപതിനഞ്ച് കാരനായ രാജാവിന്റെ ആരോഗ്യനില മോശമാണ്. ചികിത്സക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ചു വരുന്ന സമയം അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്ന ചില പൊതു പരിപാടികൾ മാറ്റിവയ്ക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.
ഈസ്റ്റ് അയർഷയറിലെ ഡംഫ്രീസ് ഹൗസിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജാവ് നിരവധി മീറ്റിംഗുകളും പരിപാടികളും ആസൂത്രണം ചെയ്തിരുന്നു. അവയെല്ലാം തന്നെ ഇപ്പോൾ അദ്ദേഹത്തിന്റെ ഡോക്ടറുടെ ഉപദേശപ്രകാരം മാറ്റിവച്ചു.
50 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ സാധാരണമായ കണ്ടുവരുന്ന പോസ്ട്രേറ്റ് ഗ്രന്ഥിയുടെ വികാസം, അവരുടെ മൂത്രമൊഴിക്കുന്ന രീതിയെ ബാധിക്കുന്ന ഒരു അവസ്ഥയായിട്ടാണ് എൻഎച്എസ് വിവരിക്കുന്നത്. ഇതൊരു ക്യാൻസറല്ല, ഇത് സാധാരണയായി ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുമല്ല" എൻഎച്എസ് വെബ്‌സൈറ്റ് വിവരിക്കുന്നു.
പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വലുതായാൽ പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പല പുരുഷന്മാരും ആശങ്കപ്പെടുന്നു. ഇത് അങ്ങനെയല്ല. എന്നാൽ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ഗുണകരമല്ലാത്ത വർദ്ധനവ് ചിലപ്പോൾ മൂത്രനാളിയിലെ അണുബാധ, 'ക്രോണിക് യൂറിനറി റിടെൻഷൻ', 'അക്യൂട്ട് യൂറിനറി റിടെൻഷൻ' തുടങ്ങിയ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.
പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്നതിന്റെ കാരണം അജ്ഞാതമാണെന്നും, എന്നാൽ ഒരു പുരുഷൻ പ്രായമാകുമ്പോൾ സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങളുമായി ഇതു ബന്ധപ്പെട്ടിരിക്കാമെന്ന് വിശ്വസിക്കപ്പെടുന്നുവെന്നും എൻഎച്എസ് പറഞ്ഞു.