സ്റ്റോക്ക്‌പോർട്ട്: തന്റെ പരിചരണത്തിലുള്ള കുഞ്ഞുങ്ങളോട് മോശമായി പെരുമാറിയതിന് നഴ്‌സറി ജീവനക്കാരിക്ക് മൂന്ന് വർഷം തടവ്. ഒരു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും വാക്കാൽ അധിക്ഷേപിക്കുകയും ചെയ്ത റെബേക്ക ഗ്രിഗറിയെയാണ് (25) കോടതി ശിക്ഷിച്ചത്.
സ്റ്റോക്ക്‌പോർട്ടിലെ ചെഡിൽ ഹൂമിലെ ടൈനി ടോസിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടികളോട് മനഃപൂർവ്വം മോശമായി പെരുമാറിയതിന് മാഞ്ചസ്റ്റർ ക്രൗൺ കോടതിയിൽ ഇവർ കുറ്റസമ്മതം നടത്തി. മേയിൽ ഒൻപത് മാസം പ്രായമുള്ള ജെനീവീവ് മീഹാൻ ഇതേ നഴ്സറിയിൽ വച്ച് മരിച്ച സംഭവത്തിൽ നഴസ്റി ജീവനക്കാരി കേറ്റ് റഫ്ലി (37) ജയിലിലായിരുന്നു. ഇവർക്ക് എതിരെ നരഹത്യ കുറ്റം ചുമത്തി.
ഈ സംഭവത്തിലെ ഞെട്ടിലെ മാറും മുൻപേ വീണ്ടും നഴ്സറിയിൽ കുട്ടികളോട് മോശമായി പെരുമാറിയത് ഒരു ജീവനക്കാരി ശിക്ഷിക്കപ്പെടുന്നത്. മറ്റൊരു അന്വേഷണത്തിലാണ് റെബേക്ക ഗ്രിഗറിയുടെ കുറ്റകൃത്യങ്ങളുടെ തെളിവുകൾ ലഭിച്ചത്. 2022 ഏപ്രിൽ 26 ന് റെക്കോർഡ് ചെയ്ത സിസിടിവി ദൃശ്യങ്ങളിൽ റെബേക്ക ഒരു കുഞ്ഞിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിഞ്ഞിരുന്നു.
ഇത് കണ്ട് നിലവിളിച്ച മറ്റൊരു കുട്ടിയോട് 'ഒരു മിനിറ്റിനുള്ളിൽ ഞാൻ അവനെ ചവിട്ടാൻ പോകുകയാണ്' എന്ന് പറയുകയും അവരെ തള്ളുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. റെബേക്കയുടെ പ്രവർത്തനങ്ങളുടെ ഫലമായി കുട്ടികളിൽ ആർക്കും കാര്യമായ പരുക്കുകളൊന്നും ഭാഗ്യത്തിന് സംഭവിച്ചില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.