/sathyam/media/media_files/2025/12/04/v-2025-12-04-05-14-16.jpg)
ക്രെംലിന്‍ : യൂറോപ്പ് യുദ്ധം ആഗ്രഹിക്കുന്നുവെങ്കില്‍ റഷ്യ തയ്യാറാണെന്ന് പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍.യൂറോപ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ക്രെംലിനില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫിനെ കാണുന്നതിന് തൊട്ടുമുമ്പാണ് പുടിന്റെ ഭീഷണി സ്വരം മുഴങ്ങിയത്.റഷ്യയ്ക്ക് സ്വീകാര്യമല്ലെന്ന് അറിയാവുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കി ട്രംപിന്റെ സമാധാന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താന്‍ യൂറോപ്പ് ശ്രമിക്കുന്നതായും പുടിന്‍ ആരോപിച്ചു.
യുദ്ധം തുടരാനാണ് അവര്‍ ആഗ്രഹിക്കുന്നത്.അതിനാലാണ് ഇത്തരം പ്രപ്പോസലുകള്‍ മുന്നോട്ടുവെയ്ക്കുന്നത്. യൂറോപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ റഷ്യ സ്വീകരിക്കില്ലെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. എന്നിട്ടും ഇത്തരം പ്രപ്പോസലുകള്‍ മുന്നോട്ടു വെക്കുന്നത് സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കാനാണ് – പുടിന്‍ കുറ്റപ്പെടുത്തി.
റഷ്യ യൂറോപ്പുമായി യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ യൂറോപ്പ് അത് ആരംഭിച്ചാല്‍ അനുരഞ്ജന ചര്‍ച്ച ചെയ്യാന്‍ പോലും അവിടെ ആരും അവശേഷിക്കില്ലെന്നും പുടിന്‍ അവകാശപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്നാണ് പുടിന്റെ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഉക്രെയ്‌നിന്റെ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ പറഞ്ഞു.
റഷ്യയുമായി യുദ്ധത്തിലേര്‍പ്പെട്ടാല്‍ യൂറോപ്പ് പരാജയപ്പെടുമെന്ന് മുന്നറിയിപ്പ് പുടിന്‍ ആവര്‍ത്തിച്ചു
സെലെന്‍സ്‌കിയെ സ്വീകരിച്ച് അയര്‍ലണ്ട്
ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി കഴിഞ്ഞ ദിവസം ഒരു ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന ഔദ്യോഗിക സന്ദര്‍ശനത്തിനായി അയര്‍ലണ്ടില്‍ എത്തിയിരുന്നു. യുദ്ധകാല പിന്തുണയ്ക്കുള്ള അയര്‍ലണ്ടിന്റെ നിലപാടിനെ സെലെന്‍സ്‌കി അകമഴിഞ്ഞ് പ്രശംസിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തെ ശക്തിപ്പെടുത്താന്‍ പുതിയ കരാറുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ഡബ്ലിനില്‍ എത്തിയ സെലെന്‍സ്‌കിയ്ക്ക് വന്‍ വരവേല്‍പ്പാണ് അയര്‍ലണ്ട് നല്‍കിയത്. പ്രധാനമന്ത്രി മിഹോള്‍ മാര്‍ട്ടിനെയും പ്രസിഡന്റിനെയും അദ്ദേഹം സന്ദര്‍ശിച്ചു. യൂറോപ്പില്‍ സമാധാനം ഉറപ്പാക്കാന്‍ തുടര്‍ച്ചയായ അന്താരാഷ്ട്ര സഹായം അനിവാര്യമാണെന്ന് അദ്ദേഹം ഐറിഷ് പാര്‍ലമെന്റിനെ ഓര്‍മ്മിപ്പിച്ചു.
അയര്‍ലണ്ടില്‍ കഴിയുന്ന ആയിരക്കണക്കിന് ഉക്രൈനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണക്കും അദ്ദേഹം നന്ദി അറിയിച്ചു. യുദ്ധാനന്തര പുനര്‍നിര്‍മ്മാണത്തിനായി നിക്ഷേപവും സാങ്കേതിക പങ്കാളിത്തവും വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തുവിട്ടു. മൊത്തത്തില്‍, ഈ സന്ദര്‍ശനം ഉക്രൈന്‍-അയര്‍ലണ്ട് ബന്ധങ്ങളുടെ അടുത്ത ഘട്ടം തുറക്കുന്ന ഒരു നിര്‍ണായക നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us