ബര്‍ലിന്‍: മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്നു പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍, വിമാനത്തിലിരുന്ന് മദ്യപിക്കുന്നത് കൂടുതല്‍ അപകടകരമാണെന്നാണ് പുതിയ കണ്ടെത്തല്‍. ജര്‍മന്‍ എയ്റോസ്പേസ് സെന്ററിലെ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിനിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഹൈപ്പോബാറിക് എന്നാണ് വിമാനത്തിനുള്ളിലെ അവസ്ഥയെ ഇവര്‍ വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യത്തിലുള്ള മദ്യപാനത്തിന്റെ രാസ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തമാണ്. ഉറക്കത്തിലും ഇതു പ്രത്യാഘാതങ്ങളുണ്ടാക്കും.
രക്തത്തിലെ ഓക്സിജന്റെ അളവ്, ഹൃദയമിടിപ്പ്, ഗാഢനിദ്രയില്‍ ചെലവഴിക്കുന്ന സമയം, മറ്റ് വിവിധ ഘടകങ്ങള്‍ എന്നിവ നിരീക്ഷിച്ചാണ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ഈ അവസ്ഥകള്‍ ഉറക്കത്തില്‍ ഹൃദയമിടിപ്പ് വര്‍ധിക്കുകയും ഓക്സിജന്റെ അളവ് കുറയ്ക്കുകയും ചെയ്യും.
95% മുതല്‍ 100% വരെയാണ് രക്തത്തിലെ ആരോഗ്യകരമായ ഓക്സിജന്‍ ലെവല്‍. ഇതില്‍ കുറയുമ്പോള്‍ രക്തം ശരീരത്തിന്റെ ബാക്കി ഭാഗത്തിന് മതിയായ ഓക്സിജന്‍ നല്‍കാത്ത അവസ്ഥ വരും. ഇത് അപകടകരമാണ്. വിമാനത്തില്‍ മദ്യപിക്കുമ്പോള്‍ ഇത് 88 ശതമാനമായി താഴുന്നു എന്നാണ് കണ്ടെത്തിയത്. വിമാനത്തില്‍ മദ്യപിച്ച് ഉറങ്ങുമ്പോള്‍ ഇത് 85 ശതമാനമായും കുറയുന്നു.