/sathyam/media/media_files/2025/08/25/ggsg-2025-08-25-03-05-40.jpg)
ആംസ്ററര്‍ഡാം: ഡച്ച് വിദേശകാര്യ മന്ത്രി കാസ്പര്‍ വെല്‍ഡ്കാംപ് തല്‍സ്ഥാനം രാജിവച്ചു. ഇസ്രായേലിനെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. ഗാസ അധിനിവേശത്തിന്റെ പേരില്‍ ഇസ്രായേലിനെതിരെ കൂടുതല്‍ നടപടികളെടുക്കാന്‍ അദ്ദേഹം നീക്കം നടത്തിയിരുന്നു. എന്നാല്‍, ഡച്ച് മന്ത്രിസഭയുടെ അംഗീകാരം ഇതിനു ലഭിച്ചിരുന്നില്ല.
പുതിയ ഉപരോധം ഇസ്രായേലിനുമേല്‍ ഏര്‍പ്പെടുത്താന്‍ തനിക്കു സാധിച്ചില്ലെന്നും, നിലവില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് തന്നെ തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് വലിയ എതിര്‍പ്പാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെസല്‍ സ്മോട്രിച്ച്, ഇറ്റാമര്‍ ബെന്‍ ഗീര്‍ പോലുള്ള തീവ്രവലതുപക്ഷ നയം പിന്തുടരുന്ന ഇസ്രായേല്‍ മന്ത്രിമാര്‍ക്കുള്ള പ്രവേശനവിലക്ക്, ഇസ്രായേല്‍ നാവികസേന കപ്പലുകള്‍ക്ക് വേണ്ടിയുള്ള സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള വിലക്ക് എന്നിവയെല്ലാം അദ്ദേഹം നടപ്പാക്കിയിരുന്നു.
ഇതിനെതിരെ വലിയ എതിര്‍പ്പാണ് സഹമന്ത്രിമാരില്‍ നിന്നും ഉയര്‍ന്നത്. വിദേശകാര്യമന്ത്രിയുടെ രാജിക്ക് പിന്നാലെ സോഷ്യല്‍ കോണ്‍ട്രാക്ട് മന്ത്രിയും സ്റേററ്റ് സെക്രട്ടറിമാരും പദവി രാജിവെക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഗസ്സയില്‍ അധിനിവേശം വ്യാപിപ്പിക്കാനുള്ള ഇസ്രായേല്‍ തീരുമാനത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് നെതര്‍ലാന്‍ഡ് രംഗത്തെത്തിയിരുന്നു.