പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് നടപടികള്‍ ചോര്‍ന്നുവോ: വിവാദവുമായിപുതിയ പുസ്തകം

New Update
G

വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള രഹസ്യ കോണ്‍ക്ലേവിലെ വിവരങ്ങള്‍ ചോര്‍ന്നതായി വെളിപ്പെടുത്തല്‍. അതീവ രഹസ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന രഹസ്യ കോണ്‍ക്ലേവിനിടെ ഫോണുമായി കര്‍ദ്ദിനാളിനെ കണ്ടെത്തിയെന്നാണ് ഞായറാഴ്ച പ്രസിദ്ധീകരിച്ച ‘ദി ഇലക്ഷന്‍ ഓഫ് പോപ്പ് ലിയോ ത1ഢ’ പുസ്തകം വെളിപ്പെടുത്തുന്നു.വലിയ സുരക്ഷാ വീഴ്ചയാണിതെന്നും ഞായറാഴ്ച പുറത്തിറക്കിയ പുസ്തകം പറയുന്നു.ലോകത്തിലെ ഏറ്റവും രഹസ്യമെന്ന് കരുതിയിരുന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നിന്റെ തിരശ്ശീലയ്ക്ക് പിന്നിലെ വിശദാംശങ്ങള്‍ തുറന്നു കാട്ടുന്നതാണ് ഈ പുതിയ പുസ്തകം.

Advertisment

കഴിഞ്ഞ മെയ് മാസമാണ് കത്തോലിക്കാ സഭയുടെ തലവനായി ലിയോ മാര്‍പാപ്പയെ തിരഞ്ഞെടുത്ത രഹസ്യ കോണ്‍ക്ലേവ് നടന്നത്.ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ഈ കോണ്‍ക്ലേവില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 133 കര്‍ദ്ദിനാള്‍മാര്‍ പങ്കെടുത്തു.അവരിലൊരാളാണ് മൊബൈല്‍ ഫോണ്‍ കൈവശം വച്ചത് .കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന പുരോഹിതര്‍ പുറം ലോകവുമായി ആശയവിനിമയം നടത്തില്ലെന്നും അവരുടെ ഫോണുകളും മറ്റ് എല്ലാ ആശയവിനിമയ ഉപകരണങ്ങളും ഉപേക്ഷിക്കുമെന്നും പ്രതിജ്ഞയെടുക്കാറുണ്ട്.

ഫോണ്‍ കണ്ടെത്തിയത് സുരക്ഷാ പരിശോധനയ്ക്കിടെ

വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിനുള്ളില്‍ വോട്ട് രേഖപ്പെടുത്താന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ കണക്ഷന്റെ സിഗ്നല്‍ കിട്ടിയത്.കര്‍ദ്ദിനാള്‍മാര്‍ അവിശ്വാസത്തോടെ പരസ്പരം നോക്കി. തുടര്‍ന്ന് മുതിര്‍ന്ന പുരോഹിതരില്‍ ഒരാള്‍ തന്റെ പോക്കറ്റില്‍ നിന്നും ഫോണ്‍ പുറത്തെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി-ദീര്‍ഘകാലമായി വത്തിക്കാന്‍ ലേഖകരായ ജെറാര്‍ഡ് ഒ കോണല്‍, എലിസബറ്റ പിക്വെ എന്നിവര്‍ അവരുടെ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

കര്‍ദ്ദിനാളിന്റെ പേരോ അദ്ദേഹം ഫോണ്‍ സൂക്ഷിക്കാനുള്ള കാരണമോ പുസ്തകത്തില്‍ സൂചിപ്പിക്കുന്നില്ല. എന്നിരുന്നാലും ഈ സംഭവം അദ്ദേഹത്തെ ‘ആകെ സമ്മര്‍ദ്ദത്തിലാക്കി’യെന്ന് പുസ്തകം പറയുന്നു.പുസ്തകത്തെക്കുറിച്ച് വത്തിക്കാന്‍ പ്രസ് ഓഫീസ് പ്രതികരിച്ചിട്ടില്ല.

മാര്‍പാപ്പയുടെ അനുമതിയില്ലാതെ കോണ്‍ക്ലേവിലെ രഹസ്യ ബാലറ്റിംഗിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിന് കര്‍ദ്ദിനാള്‍മാര്‍ക്ക് കര്‍ശന വിലക്കുണ്ടെങ്കിലും തുടര്‍ വര്‍ഷങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പുരോഹിതന്മാരില്‍ നിന്ന് വിവരങ്ങള്‍ പതുക്കെ ചികഞ്ഞെടുത്ത് പുറത്തുവിടാറുണ്ട്.

സിനിമയെ വെല്ലുന്ന അപ്രതീക്ഷിത ട്വിസ്റ്റ്

സിനിമയില്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത, ആധുനിക കോണ്‍ക്ലേവുകളുടെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രംഗമായിരുന്നു അതെന്ന് പുസ്തകം പറയുന്നു.മാര്‍പാപ്പാ തിരഞ്ഞെടുപ്പിന്റെ സങ്കീര്‍ണ്ണമായ സാങ്കല്‍പ്പിക ഉള്ളറകളും ഗൂഢാലോചനകളും വെളിപ്പെടുത്തുന്ന ‘കോണ്‍ക്ലേവ്’ എന്ന സിനിമ 2024ല്‍ പുറത്തുവന്നിരുന്നു. ഈ ഫോണ്‍ കണ്ടെത്തല്‍ ആ സിനിമയിലെ ഭാവനയെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് ഒ കോണല്‍ വ്യക്തമാക്കി. ’ഫിക്ഷനേക്കാള്‍ മികച്ചതായിരുന്നു റിയാലിറ്റി’ -അദ്ദേഹം പറഞ്ഞു.

ഏഷ്യന്‍, ആഫ്രിക്കന്‍ കര്‍ദ്ദിനാള്‍മാര്‍ ഔട്ട്

1.4 ബില്യണ്‍ അംഗങ്ങളുള്ള സഭയെ 12 വര്‍ഷം നയിച്ചതിനു ശേഷം ഏപ്രിലിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചത്. മെയ് 7 മുതല്‍ 8 വരെയാണ് പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിന് കര്‍ദ്ദിനാള്‍മാര്‍ യോഗം ചേര്‍ന്നത്.ഏഷ്യയില്‍ നിന്നോ ആഫ്രിക്കയില്‍ നിന്നോ ആയിരിക്കും പുതിയ മാര്‍പാപ്പയെന്നായിരുന്നു ഭൂരിപക്ഷം ഊഹാപോഹങ്ങളും. എന്നാല്‍ ആ പ്രദേശങ്ങളില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിക്കും പിന്തുണ ലഭിച്ചില്ലെന്ന് കര്‍ദ്ദിനാള്‍മാരുടെ വോട്ടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകം പറയുന്നു.

മുന്നിലെത്തിയത് രണ്ട് പേര്‍മാത്രം

കോണ്‍ക്ലേവില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ മുന്‍നിരയില്‍ എത്തിയതായി പുസ്തകം പറയുന്നു.ദീര്‍ഘകാലമായി വത്തിക്കാന്‍ ഉദ്യോഗസ്ഥനായിരുന്ന ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, യു എസ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് എന്നിവരായിരുന്നു അവര്‍. ഏറെ പ്രിയപ്പെട്ടയാളായി കരുതിയിരുന്നയാളായിരുന്നു പിയട്രോ പരോളിന്‍ .എന്നാല്‍ സഭാ വൃത്തങ്ങള്‍ക്ക് പുറത്ത് അധികമാരും അറിയപ്പെട്ടയാളായിരുന്നില്ല രണ്ടാമന്‍.

മെയ് ഏഴിന് വൈകുന്നേരം നടന്ന കോണ്‍ക്ലേവിലെ ആദ്യ വോട്ടെടുപ്പില്‍, പ്രെവോസ്റ്റിന് 20-30 വോട്ടുകള്‍ ലഭിച്ചു. അസാധാരണമായി ഇത് വലിയ സംഖ്യയാണെന്ന് പുസ്തകം പറയുന്നു. ഏറ്റവും പ്രിയപ്പെട്ടവനെന്ന് നിരീക്ഷിക്കപ്പെട്ട ഫിലിപ്പൈന്‍ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിളിന് കോണ്‍ക്ലേവില്‍ 10 ല്‍ താഴെ വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ.

മെയ് എട്ടിന് ഉച്ചകഴിഞ്ഞ് നടന്ന നാലാമത്തെ ബാലറ്റിൽ, പ്രെവോസ്റ്റ് 108 വോട്ടുകൾ നേടി വിജയിച്ചു. അന്തിമ വോട്ടെടുപ്പ് നടക്കുന്ന വേളയിൽ ടാഗിൾ പ്രെവോസ്റ്റിന്റെ അരികിൽത്തന്നെ ഉണ്ടായിരുന്നു-പുസ്തകം പറയുന്നു.

Advertisment