/sathyam/media/media_files/2025/03/14/WKcILlBizGdNzPrHKVwW.jpg)
യൂറോപ്പ്: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാ സാംസ്‌കാരികവേദിയുടെ 19-ാം സമ്മേളനം മാർച്ച് 29-ാം തീയതി വൈകീട്ട് വെർച്ച്വൽ പ്ളാറ്റ്ഫോമിലൂടെ മികച്ച പാർലമെൻ്റേറിയനും, കോൺഗ്രസ് നേതാവുമായ ബെന്നി ബെഹനാൻ എം.പി ഉൽഘാടനം ചെയ്യും.
കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്തായ രാസലഹരികളുടെ പിടിയിൽനിന്നും എങ്ങനെ യുവതലമുറയെ രക്ഷിക്കാം എന്ന വിഷയമാണ് ചർച്ച ചെയ്യപ്പെടുന്നത്.
ചർച്ചകൾക്ക് നേത്യത്വം നൽകുന്നത് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും, മദ്യവിരുദ്ധ പോരാട്ടത്തിൽ മൂന്നര പതിറ്റാണ്ടു പിന്നിട്ട വ്യക്തിയും, പ്രമുഖ ഹൈക്കോടതി അഭിഭാഷകനും, ജനസേവ ശിശുഭവൻ പ്രസിഡൻ്റുമായ അഡ്വ. ചാർളി പോൾ, മുപ്പതു വർഷമായി ദുബായിയിൽ സൈക്കോളജിസ്റ്റായി പ്രാക്‌ടീസ് ചെയ്‌തുകൊണ്ടിരിക്കുന്നതും, പ്രത്യേകിച്ചു മയക്കുമരുന്നിനടിമയായ യുവാക്കളെ ചികിത്സിച്ചുകൊണ്ടിരിക്കുന്നതും, അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ മെമ്പറുമായ ഡോ. ജോർജ് കാലിയാടൻ എന്നിവരാണ്.
ശതോത്തര സുവർണജൂബിലി ആഘോഷിക്കുന്ന ആലുവ തോട്ടക്കാട്ടുകര സെന്റ് ആൻസ് ഇടവകയിലെ മാത്യവേദിയുടെ നേതൃത്വത്തിൽ അന്തർദ്ദേശീയ വനിതാദിനത്തോടനുബന്ധിച്ചു നൂറ്റിഅൻപതു വനിതകളെ ഉൾപ്പെടുത്തി ക്രിസ്‌തീയ ഭക്തിഗാനത്തിലൂടെ അവതരിപ്പിച്ച മെഗാ തിരുവാതിര ഡാൻസ് വീണ്ടും ഈ കലാസാംസ്‌കാരിക വേദിയിൽ അവതരിപ്പിക്കുന്നതാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിൻ്റേയും അവസാനത്തെ ശനിയാഴ്‌ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈ കലാസാംസ്‌കാരിക വേദിയുടെ അടുത്ത സമ്മേളനം മാർച്ച് 20 ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് (യുകെ സമയം), ഇന്ത്യൻ സമയം 08:30 പിഎം (യുഎഇ 07 പിഎം, യുകെ സമയം 15.00, ജര്‍മ്മന്‍ സമയം 16:00) നു വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്.
ഈ കലാസാംസ്കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽനിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും, (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആല പിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്‌കാരികവേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്‌മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.