യൂറോപ്പിന് ഇനി ഡിജിറ്റല്‍ യൂറോ :പദ്ധതി വൈകില്ല

New Update
Fggg

കോപ്പന്‍ഹേഗന്‍: യു എസിന്റെ വിസ, മാസ്റ്റര്‍കാര്‍ഡ് സംവിധാനങ്ങള്‍ക്ക് ബദലാകുമെന്ന് കരുതുന്ന ഡിജിറ്റല്‍ യൂറോയുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ധനമന്ത്രിമാര്‍ യോജിപ്പിലെത്തി.യൂറോപ്യന്‍ യൂണിയന്‍ ധനമന്ത്രിമാര്‍ കോപ്പന്‍ഹേഗനില്‍ ഇസിബി പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡും യൂറോപ്യന്‍ കമ്മീഷണര്‍ വാല്‍ഡിസ് ഡോംബ്രോവ്സ്‌കിസ് എന്നിവരുമായി യോഗം ചേര്‍ന്ന് ഡിജിറ്റല്‍ യൂറോയുമായി മുന്നോട്ടുപോകാന്‍ തീരുമാനമെടുത്തു.

Advertisment

ഇതിന്റെ ഭാഗമായി യൂറോപ്യന്‍ കൗണ്‍സില്‍ ഓഫ് ഫിനാന്‍സ് മിനിസ്റ്റേഴ്‌സിന്റെ അംഗീകാരത്തിനായി നിര്‍ദ്ദിഷ്ട ഹോള്‍ഡിംഗ് പരിധി ഇ സി ബി സമര്‍പ്പിക്കും. ഈ സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. റണ്‍ ഓണ്‍ ബാങ്ക് നിക്ഷേപത്തെക്കുറിച്ചുള്ള ഭീതി കുറയ്ക്കാന്‍ ഇത് നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഇലക്ട്രോണിക് വാലറ്റായാണ് ഡിജിറ്റല്‍ യൂറോ വിഭാവനം ചെയ്തതെങ്കിലും പദ്ധതിയ്ക്കാവശ്യമായ നിയമനിര്‍മ്മാണത്തിന് അംഗീകാരം നേടാന്‍ ഇ സി ബിയ്ക്കായില്ല. 2023 ജൂണിലാണ് യൂറോപ്യന്‍ കമ്മീഷന്‍ ഡിജിറ്റല്‍ യൂറോ നിയമനിര്‍മ്മാണ പദ്ധതി നിര്‍ദ്ദേശിച്ചത്.എന്നാല്‍ യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ കൗണ്‍സിലും പദ്ധതിയ്ക്ക് ഇക്കാര്യത്തില്‍ ഒപ്പമെത്തിയില്ല. അതോടെ പദ്ധതി മന്ദഗതിയിലായി.

ഖജനാവ് നഷ്ടപ്പെടുത്തുമെന്നുമെന്ന ബാങ്കുകളുടെ ആശങ്കയും ഭാരിച്ച ചെലവുകളും സ്വകാര്യതയെ പരിമിതപ്പെടുത്തുമെന്ന രാഷ്ട്രീയ വീക്ഷണവുമൊക്കെയാണ് പദ്ധതിയ്ക്ക് തടസ്സമായത്. ഈ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ ധനമന്ത്രിമാരുടെയും ഇസിബിയുടെയും ഇയു കമ്മീഷനും സംയുക്തമായി യോഗം ചേര്‍ന്നത്.2025 മെയ് 12ന് ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ നടന്ന യൂറോഗ്രൂപ്പ് മീറ്റിംഗിന് ശേഷമുള്ള ഇതുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനമാണിത്. വര്‍ഷാവസാനത്തോടെ ഇതു സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കാനാണ് യൂറോപ്യന്‍ കൗണ്‍സിലിന്റെ നീക്കം.

ഡിജിറ്റല്‍ യൂറോ പുറത്തിറക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് മന്ത്രിമാരുടെ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുമെന്ന് യൂറോ സോണ്‍ ധനമന്ത്രിമാരുടെ യോഗത്തിന് നേതൃത്വം നല്‍കിയ യൂറോഗ്രൂപ്പിന്റെ പ്രസിഡന്റ് ധനമന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു.ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കണമോ, ഓരോ റസിഡന്റിനും കൈവശം വയ്ക്കാന്‍ കഴിയുന്ന യൂറോയുടെ തോത് എന്നിവയെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ ധനമന്ത്രിമാരുടെ കൗണ്‍സില്‍ തീരുമാനിക്കും. ഹോള്‍ഡിംഗ് പരിധിയില്‍ വിട്ടുവീഴ്ചയ്ക്ക് യൂറോ ധനമന്ത്രിമാര്‍ തയ്യാറായിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും വിശദാംശങ്ങള്‍ ഡോണോ വെളിപ്പെടുത്തിയില്ല.

ഊര്‍ജ്ജം, ധനകാര്യം, പ്രതിരോധം തുടങ്ങിയ പ്രധാന മേഖലകളില്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ഇ യു ആഗ്രഹിക്കുന്നത്.യുഎസ് ക്രെഡിറ്റ് കാര്‍ഡുകളുടെയും ഡോളറിന്റെ സ്റ്റേബിള്‍ കോയിനുകളുടെയും ആഗോള സ്വാധീനം കുറയ്ക്കുന്നതിനും ഇസിബി ഡിജിറ്റല്‍ യൂറോയിലൂടെ ഉന്നമിടുന്നു.

ജൂണ്‍ മാസത്തോടെ ഇതു സംബന്ധിച്ച നിയമനിര്‍മ്മാണം നടപ്പാക്കാനാകുമെന്ന് ഇ സി ബി കരുതുന്നു. എന്നിരുന്നാലും ഡിജിറ്റല്‍ യൂറോ പ്രാബല്യത്തിലെത്താന്‍ രണ്ടര മുതല്‍ മൂന്ന് വര്‍ഷം വരെ എടുക്കും.ചില അംഗ രാജ്യങ്ങള്‍ക്ക് അവരുടേതായ ദേശീയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളുണ്ട്. എന്നാല്‍ 27 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയന്‍ അവയെ അംഗീകരിക്കുന്നില്ല.

ഡിജിറ്റല്‍ യൂറോപ്പ് പണമടയ്ക്കല്‍ മാര്‍ഗം മാത്രമല്ലെന്ന് ഇസി ബി വിശദീകരിച്ചു. അതിര്‍ത്തി കടന്നുള്ള പേയ്‌മെന്റ് കൈകാര്യം ചെയ്യാനുള്ള യൂറോപ്പിന്റെ പരമാധികാരവും ശേഷിയും സംബന്ധിച്ച രാഷ്ട്രീയ പ്രസ്താവന കൂടിയാണെന്ന് ഇ സി ബി പറഞ്ഞു.

Advertisment