/sathyam/media/media_files/2026/03/07/c-2026-03-07-03-50-48.jpg)
സൈപ്രസ്: സൈപ്രസിലെ യു കെ താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സുരക്ഷയൊരുക്കാന്‍ കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നാവികസേനകളെ വിന്യസിക്കുന്നു. സ്‌പെയിന്‍, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് പുതിയ പോര്‍മുഖം തുറക്കുന്നത്. നേരത്തേ ഗ്രീസും ഫ്രാന്‍സും ഇവിടേയ്ക്ക് സേനാ വിന്യാസം നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് ബ്രിട്ടീഷ് ആര്‍ എ എഫ് അക്രോതിരി താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്.
ഗ്രീസ് കിമോണ്‍, സാറ എന്നീ രണ്ട് ഫ്രിഗേറ്റുകളും നാല് എഫ്-16 യുദ്ധവിമാനങ്ങളുമാണ് സൈപ്രസിലേക്ക് അയച്ചത്. ഏറ്റവും നൂതന യുദ്ധക്കപ്പലായ ആന്റി മിസൈല്‍-ഡ്രോണ്‍ ഫ്രിഗേറ്റ് ലാംഗുഡോകുവിനെയാണ് ഫ്രാന്‍സ് വിന്യസിച്ചത്. ആധുനിക യുദ്ധക്കപ്പലായ അല്‍വാരോ ഡി ബസാന്‍-ക്ലാസ് ഫ്രിഗേറ്റ് ക്രിസ്റ്റോബല്‍ കൊളോണിനെയാണ് ഫ്രഞ്ച്, ഗ്രീക്ക് സേനകളില്‍ ചേരുന്നതിനായി സ്പെയിന്‍ കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് അയച്ചത്. ബാള്‍ട്ടിക് കടലില്‍ പരിശീലനം നടത്തിയിരുന്ന സ്പാനിഷ് ഫ്രിഗേറ്റ് അടുത്ത ആഴ്ച ക്രീറ്റിന് പുറത്ത് കടലില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഫ്രാന്‍സ്, സ്പെയിന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവയെ പിന്തുടര്‍ന്ന് നാവിക സന്നാഹത്തെ അയയ്ക്കുമെന്ന് ഇറ്റലി പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ അറിയിച്ചു. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്ക് നന്ദി പറഞ്ഞ് ഇറ്റലിയുടെ പങ്കാളിത്തം സ്ഥിരീകരിച്ചു. ഫ്രാന്‍സ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിനൊപ്പം ഫ്രിഗേറ്റ് എച്ച് എന്‍ എല്‍ എം എസ് എവര്‍ട്‌സെന്‍ കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് അയയ്ക്കാനാണ് നെതര്‍ലാന്‍ഡ്‌സ് ഒരുങ്ങുന്നത്.
ഡ്രോണ്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ടൈപ്പ് 45 ഡിസ്ട്രോയര്‍ എച്ച് എം എസ് ഡ്രാഗണും മാര്‍ട്ടലെറ്റ് മിസൈലുകള്‍ ഘടിപ്പിച്ച രണ്ട് വൈല്‍ഡ്കാറ്റ് ഹെലികോപ്റ്ററുകളും വിന്യസിക്കുമെന്ന് യു കെ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച സൈപ്രസില്‍ എത്തിയ യു കെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി, സൈപ്രസ് പ്രതിരോധ സെക്രട്ടറി വാസിലിസ് പാല്‍മാസുമായി കൂടിക്കാഴ്ച നടത്തി.
ആക്രമണത്തിന്റെ ഉറവിടം വ്യക്തമല്ല
അതേസമയം, അക്രോതിരി താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ യഥാര്‍ഥ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഡ്രോണുകള്‍ ഇറാനില്‍ നിന്നാണെന്നതിന് വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യു കെ പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഇറാനെ നേരിട്ട് കുറ്റപ്പെടുത്താന്‍ ബ്രിട്ടന്‍ ഇതുവരെ തയ്യാറായിട്ടില്ല.
മധ്യപൂര്‍വ്വേഷ്യ സംഘര്‍ഷത്തിന്റെ പ്രതിഫലനം
വിദഗ്ധരുടെ വിലയിരുത്തലനുസരിച്ച്, മധ്യപൂര്‍വ്വേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് സൈപ്രസിലെ ബ്രിട്ടീഷ് താവളം ലക്ഷ്യമാക്കിയതെന്നാണ് സംശയം. കിഴക്കന്‍ മെഡിറ്ററേനിയനിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിലൂടെ യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ താവളങ്ങളും കടല്‍ മാര്‍ഗങ്ങളും സുരക്ഷിതമാക്കാന്‍ ശ്രമിക്കുകയാണ്.
വലിയ യുദ്ധത്തിന് വഴിയൊരുക്കുമോ?
ഇതിനിടെ സൈപ്രസ് മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിക്കുന്നത് പുതിയ സംഘര്‍ഷ സാധ്യതകള്‍ക്ക് വഴിയൊരുക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സ്ഥിതി നിയന്ത്രണത്തിലാക്കുന്നതിനും സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാതിരിക്കാനും നയതന്ത്ര ശ്രമങ്ങള്‍ തുടരുകയാണെന്ന് യൂറോപ്യന്‍ നേതാക്കള്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us