ഗ്രീസില്‍ കാട്ടുതീ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടല്‍

New Update
Jhbvg

ഏഥന്‍സ്: ഗ്രീസില്‍ രണ്ടുദിവസമായി കത്തിപ്പടരുന്ന കാട്ടുതീ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. നിരവധി നഗരങ്ങളിലെ താമസക്കാരെയും വീട് കത്തിനശിച്ചവരുള്‍പ്പെടെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ചെക്ക് അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. ഇറ്റാലിയന്‍ വിമാനങ്ങളുടെ സഹായമെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment

ഗ്രീസ് യൂറോപ്യന്‍ യൂനിയന്‍ സഖ്യകക്ഷികളില്‍ നിന്ന് സഹായം അഭ്യര്‍ഥിച്ചിരുന്നു, ഞായറാഴ്ച രണ്ട് ഇറ്റാലിയന്‍ വിമാനങ്ങളെയും സഹായത്തിനായി പ്രതീക്ഷിച്ചിരുന്നു, ചെക്ക് റിപ്പബ്ളിക്കില്‍ നിന്നുള്ള അഗ്നിശമനസേനാംഗങ്ങള്‍ മുന്‍നിരയിലുണ്ട്.

തലസ്ഥാനത്തിന് പടിഞ്ഞാറുള്ള പെലോപ്പൊന്നീസ് പ്രദേശത്തും എവിയ, കൈതേര, ക്രീറ്റ് ദ്വീപുകളിലും ഞായറാഴ്ച രാവിലെയും അഞ്ച് ഇടങ്ങളില്‍ തീ പടരുകയുണ്ടായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പുലര്‍ച്ചെ വിമാനങ്ങളും ഹെലികോപ്ടറുകളും തീയണക്കല്‍ പുനരാരംഭിച്ചു. 3,600 ഓളം താമസക്കാരുള്ള ജനപ്രിയ ടൂറിസ്ററ് ദ്വീപായ കൈതേരയില്‍ ശക്തമായ കാറ്റ് തുടരുന്നത് തീപടരാന്‍ കാരണമാകുമെന്ന ആശങ്കയുയര്‍ത്തുന്നതാണ്.

ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ തീ പടര്‍ന്നതിനാല്‍, ആളുകളെ ഒഴിപ്പിക്കാനുള്ള സന്ദേശങ്ങള്‍ അയച്ചതായും വീടുകളും തേനീച്ചക്കൂടുകളും ഒലിവ് മരങ്ങളും കത്തിനശിച്ചതായി കൈതേര ഡെപ്യൂട്ടി മേയര്‍ ജിയോര്‍ഗോസ് കൊമ്നിനോസ് പറഞ്ഞു.ദ്വീപിന്റെ പകുതിയും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. രാവിലെ മുതല്‍ മൂന്ന് ഹെലികോപ്ടറുകളുടെയും രണ്ട് വിമാനങ്ങളുടെയും പിന്തുണയോടെ അഗ്നിശമന സേനാംഗങ്ങള്‍ ബീച്ചില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

ഗ്രീസിലെ പതിനൊന്ന് പ്രദേശങ്ങള്‍ ഇപ്പോഴും തീപിടുത്ത സാധ്യത നേരിടുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.ഏഥന്‍സിനടുത്തുള്ള എവിയ ദ്വീപിലും വനപ്രദേശങ്ങളിലും തീ പടരുകയും ആയിരക്കണക്കിന് മൃഗങ്ങള്‍ വെന്തുമരിച്ചതായും റിപ്പോര്‍ട്ടുണ്ട്. എവിയയില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.

ചില ഗ്രാമങ്ങളിലെ ജലവിതരണ സംവിധാനങ്ങള്‍ തകരാറിലായത് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കി. ക്രീറ്റിന്റെ തെക്ക് ഭാഗത്ത് ശനിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ നാല് വീടുകളും ഒരു പള്ളിയും നശിച്ചു, വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷാസ്ഥാനങ്ങളിലേക്ക് മാറുമ്പോള്‍ വീടുകള്‍ കൊള്ളയടിക്കുന്നതിനാല്‍ പൊലീസ് സുരക്ഷ ശക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച തീ നിയന്ത്രണവിധേയമായതായാണ് റിപ്പോര്‍ട്ട്. ലോകത്താകമാനം കാലാവസ്ഥയിലുണ്ടാവുന്ന മാറ്റമാവണം ഗ്രീസിലുമുണ്ടാവുന്ന ശക്തമായ ഉഷ്ണതരംഗവും ചൂടുകാറ്റുമെന്ന് കാലാവസ്ഥവിഭാഗം പറയുന്നു.

പടിഞ്ഞാറന്‍ ഗ്രീസിലെ ആംഫിലോഹിയയില്‍ താപനില 45.2 ഡിഗ്രി സെല്‍ഷ്യസാണ്. ഗ്രീസിലെ അഞ്ചാമത്തെ വലിയ ദ്വീപായ ചിയോസില്‍ വടക്കന്‍ ഈജിയനില്‍ ഉണ്ടായ തീപിടിത്തത്തില്‍ 4,700 ഹെക്ടര്‍ ഭൂമി നശിച്ചു, ജൂലൈ ആദ്യം ക്രീറ്റില്‍ ഉണ്ടായ കാട്ടുതീയില്‍ 5,000 പേര്‍ക്ക് താമസം മാറേണ്ടിവന്നു.

Advertisment