/sathyam/media/media_files/2025/08/29/cfhh-2025-08-29-03-24-30.jpg)
കോപ്പന്‍ഹേഗന്‍: ചരിത്രത്തില്‍ പറ്റിയ തെറ്റിന് ഗ്രീന്‍ലാന്‍ഡിനോട് ഔപചാരികമായി മാപ്പപേക്ഷിച്ച് ഡെന്‍മാര്‍ക്ക്. അധിനിവേശ കാലത്ത് ഗ്രീന്‍ലാന്‍ഡിലെ തദ്ദേശീയരായ ആയിരക്കണക്കിന് പെണ്‍കുട്ടികളെയും സ്ത്രീകളെയും അവരുടെ അനുമതിയോ അറിവോ ഇല്ലാതെ ഗര്‍ഭനിരോധന നടപടികള്‍ക്ക് വിധേയരാക്കിയതിനാണ് മാപ്പപേക്ഷ.
ഡാനിഷ് ആരോഗ്യസംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടായത് വ്യവസ്ഥാപരമായ വിവേചനമാണെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗ്രീന്‍ലാന്‍ഡ് നിവാസികളായതുകൊണ്ട് മാത്രം അവര്‍ ശാരീരികവും മാനസികവുമായ ഉപദ്രവത്തിന് വിധേയരായി. ഔദ്യോഗികമായി ക്ഷമ ചോദിക്കുന്നുവെന്നും മെറ്റെ ഫ്രെഡറിക്സന്‍ പറഞ്ഞു.
1953 വരെ ഡാനിഷ് കോളനിയായിരുന്ന ഗ്രീന്‍ലാന്‍ഡിലെ ജനസംഖ്യ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്ത്രീകളിലും കുട്ടികളിലും കോപ്പര്‍ ടി ക്ക് സമാനമായ ഗര്‍ഭാശയ നാളിയില്‍ ഘടിപ്പിക്കുന്ന ഇന്‍ട്രായൂട്ടറിന്‍ ഉപകരണം (ഐ.യു.ഡി) ഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് മാപ്പപേക്ഷ. 12 വയസുള്ള പെണ്‍കുട്ടികളിലടക്കം ഇത്തരത്തില്‍ ഐ.യു.ഡികള്‍ ഘടിപ്പിച്ചതായി പില്‍ക്കാലത്ത് വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
1966 നും 1970 നും ഇടയില്‍ 4,500 സ്ത്രീകളും പെണ്‍കുട്ടികളും ഇത്തരത്തില്‍ നിര്‍ബന്ധിത വന്ധ്യകരണത്തിന് വിധേയരായതായാണ് കണക്കാക്കപ്പെടുന്നത്. മുന്‍ ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മ്യൂട്ട് ബി എഗെഡെ നടപടിയെ "വംശഹത്യ' എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിരുന്നു.
ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്~ഫ്രെഡറിക് നീല്‍സണുമായി ചേര്‍ന്ന് സംയുക്ത പ്രസ്താവനയില്‍ 1992 വരെയുള്ള കേസുകളിലാണ് ഡെന്‍മാര്‍ക്ക് ക്ഷമാപണം നടത്തിയത്. അതിന് ശേഷമുള്ള കേസുകളില്‍ ഗ്രീന്‍ലന്‍ഡ് സര്‍ക്കാരിനായി ജെന്‍സ്~ഫ്രെഡറിക് നീല്‍സണും ക്ഷമ ചോദിച്ചിട്ടുണ്ട്. നിര്‍ബന്ധിത വന്ധ്യംകരണ വിവാദത്തില്‍ ദീര്‍ഘകാലമായി കാത്തിരുന്ന അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായാണ് നടപടി.
തങ്ങളുടെ സമ്മതമോ അറിവോ ഇല്ലാതെ ഗര്ഭനിരോധന ഗുളിക ഘടിപ്പിച്ചെന്നാരോപിച്ച് 2024ല്‍, 143 ഗ്രീന്‍ലാന്‍ഡിക് ഇന്‍യൂട്ടുകളായ സ്ത്രീകള്‍ ഡാനിഷ് ഭരണകൂടത്തിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.
ഗ്രീന്‍ലാന്‍ഡ് സര്‍ക്കാര്‍ ഭരണമേറ്റുകഴിഞ്ഞും, ഇന്‍യൂട്ട് വിഭാഗക്കാരടക്കം നിരവധി സ്ത്രീകള്‍ക്ക് വിവേചന പരമായി നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാവേണ്ടി വന്നതില്‍ താനും മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി ജെന്‍സ്~ഫ്രെഡറിക് നീല്‍സണ്‍ വ്യക്തമാക്കി. ദുരിതബാധിതരായ സ്ത്രീകള്‍ക്കായി സമഗ്രമായ നഷ്ടപരിഹാര പദ്ധതി ആരംഭിക്കുമെന്നും ജനുവരി മുതല്‍ ഇത് നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.