ടൊറൻ്റോ : വ്യാഴാഴ്ച രാത്രി ടെസ്‌ല കാർ ഗാർഡ്റെയിലിൽ ഇടിച്ച് തീപിടിച്ച് നാല് പേർ മരിച്ചു. അർദ്ധരാത്രിയോടെ ലേക്ക് ഷോർ ബൊളിവാർഡ് ഈസ്റ്റ്, ചെറി സ്ട്രീറ്റ് മേഖലയിലാണ് അപകടം നടന്നതെന്ന് ടൊറൻ്റോ പൊലീസ് സർവീസ് അറിയിച്ചു.
സഹോദരങ്ങളായ കേതാ ഗോഹിൽ (30), നീൽരാജ് ഗോഹിൽ (26) എന്നിവരും ദിഗ്‌വിജയ് പട്ടേൽ (29), ജയ് സിസോദിയ (32)യുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരു യുവതി ജലക് പട്ടേലിന് (25) ഗുരുതരമായി പരുക്കേറ്റു.
സംഭവസ്ഥലത്ത് എത്തിയ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറാണ് യുവതിയെ കാറിനുള്ളിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമിത വേഗത്തിൽ എത്തിയ ടെസ്‌ല കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഗാർഡ്റെയിലിൽ ഇടിക്കുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു.
നാല് മൃതദേഹങ്ങളും ഫയർഫോഴ്‌സ് പുറത്തെടുത്തതായും കൊറോണറുടെ ഓഫീസിലേക്ക് മാറ്റിയതായും ടൊറൻ്റോ ഡെപ്യൂട്ടി ഫയർ ചീഫ് ജിം ജെസ്സോപ്പ് അറിയിച്ചു. തീപിടിത്തത്തിന് ടെസ്‌ലയിലെ ബാറ്ററി സെല്ലുകളുമായി ബന്ധമുണ്ടെന്ന് കരുതുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.